സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എനിക്ക് വരക്കാനുണ്ട്, ഞാൻ ഇതിനു മുൻപും വരച്ചിട്ടുണ്ട്. ഇനിയും വരക്കുകയും ചെയ്യുംഃ ദുർഗ്ഗ

വിമെന്‍ പോയിന്‍റ് ടീം

"എനിക്ക് വരക്കാനുണ്ട്, ഞാൻ ഇതിനു മുൻപും വരച്ചിട്ടുണ്ട്. ഇനിയും വരക്കുകയും ചെയ്യും" നിങ്ങളൊന്നും കണ്ട, ആഘോഷിച്ച ചില ചിത്രങ്ങൾ മാത്രമല്ല താനെന്ന പ്രഖ്യാപനമാണ് ദുർഗ്ഗ നടത്തുന്നത്.കത്വ പെൺകുട്ടിയോട് ചെയ്ത ക്രൂരതക്കെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസമായി വധഭീഷണി അടക്കം നേരിടുകയാണ് ദുർഗ്ഗ, ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുക, ഒറ്റക്കും കൂട്ടമായി തെറി വിളിക്കുകതുടങ്ങി സൈബർ ആക്രമങ്ങളുടെ എല്ലാ മുറകളും അവർക്കു നേരെ ഉണ്ടായിട്ടു പോലും തൻ്റെ വര നിർത്താൻ ഒരുക്കമല്ല എന്നത് തന്നെയാണ് ദുർഗ്ഗയെ ശക്തയാക്കുന്നത്.

കുഞ്ഞു കാലം തൊട്ട് വരക്കാൻ തുടങ്ങിയതാണ് ദുർഗ്ഗ. സ്കൂളിലും കോളേജിലും ചിത്രംവര മത്സരത്തിൽ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ വരയെ ഇത്ര സീര്യസായി കാണാൻ തുടങ്ങിയിട്ട് നാല് വർഷമേ ആകുന്നുള്ളൂ. ആ നാല് വർഷം പ്രതിരോധത്തിൻ്റേതായിരുന്നു. പെണ്ണുടലുകൾക്ക് മേലുള്ള എല്ലാതരം കടന്നു കയറ്റത്തേയും തൻ്റെ വരകളിലൂടെ ശക്തമായി എതിർത്തു. അത് ആര് ചെയ്താലും ആ ബോധത്തിന് നേരെ കടും ചായങ്ങൾ നീട്ടി ഒഴിച്ചു പ്രതിഷേധിച്ചു. തൻ്റെ ശരിയാണ് ശരി എന്ന് ഉറച്ച് വിശ്വസിച്ചു.

തൃശ്സൂർ പട്ടാമ്പിയിലാണ് ജനിച്ചതും വളർന്നതും. കൊപ്പം സ്കൂളിലാണ് പഠിച്ചത്. ഷൊർണ്ണൂർ എസ്എൻ കോളേജിൽ നിന്ന് കെമസ്ട്രിയിൽ ബിരുദവും വളാഞ്ചേരി എംഇഎസ് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. എറണാകുളം സഹോദരൻ അയ്യപ്പൻ കോളേജിൽ നിന്നാണ് ബിഎഡും എംഎഡും ചെയ്തത്.

വരക്കാൻ പഠിച്ചിട്ടില്ലായിരുന്നെങ്കിലും തൻ്റെ മനസ്സിൽ തോന്നുന്നതൊക്കെ വരച്ചുകൊണ്ടിരുന്നു. തന്നെ ചുറ്റിപറ്റി നിക്കുന്ന വളരെ കുറച്ചുപേരെ മാത്രം കാണിക്കുകയും ചെയ്തു. ഡിഗ്രി വരെ വരച്ചിരുന്ന ദുർഗ്ഗ പിജി പഠനവും കല്യാണവുമൊക്കെയായി നാല് വർഷത്തോളം വരയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ പിന്നീടുള്ള തിരിച്ചുവരവ് അതിശക്തമായിരുന്നു "സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടാൻ തുടങ്ങിയതിൽ പിന്നെയാണ് എൻ്റെ വരയുടെ സ്വഭാവം മാറുന്നത്"- ദുർഗ്ഗ പറഞ്ഞു.

"നമ്മള് വരക്കുന്ന ചിത്രങ്ങൾക്ക് സമൂഹത്തിൽ നിർവ്വഹിക്കാൻ എന്തെങ്കിലും ഒക്കെ കടമ ഉണ്ടാകണം" എന്നതാണ് ദുർഗ്ഗയുടെ ലൈൻ. "കണ്ണിന് കുളിർമ നൽകാൻ മാത്രമല്ലല്ലോ നമ്മൾ ചിത്രം വരക്കുന്നത്"- ദുർഗ്ഗ ചോദിക്കുന്നു.

ദേവിയുടെ ആർത്തവത്തെ ചിത്രീകരിച്ചതിനാൽ ഇതിന് മുൻപും സൈബർ ആക്രമണം ദുർഗ്ഗക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഗൗരി ലങ്കേഷ് മരിച്ചതിൽ പ്രതിഷേധിച്ച വരച്ച ചിത്രവും ഗർഭിണിയെ ചവിട്ടികൊന്ന സംഭവത്തിൽ വരച്ച ചിത്രവും പ്രതിഷേധം ഉയർത്തിയിരുന്നു. കത്വ സംഭവത്തിലെ തൻ്റെ വരക്കെതിരെ മോശമായി പ്രതികരിച്ചവർക്കെതിരെ ദുർഗ്ഗ ഇന്ന് കേസുകൊടുക്കും

കെ.എൽ.എഫ്, കവിതയുടെ കാർണ്ണിവൽ തുടങ്ങി നിരവധി ഇടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. യങ് സോഷ്യൽ വർക്കർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വിവാഹ മോചനം നേടിയിരിക്കുകയാണ്. അമ്മയും ചെറിയമ്മയും രണ്ട് അനിയമ്മാരും ഒരു അനിയത്തിയും അടങ്ങുന്നതാണ് ദുർഗ്ഗയുടെ കുടുംബം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും