സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗുജറാത്തില്‍ പെണ്‍ഭ്രൂണഹത്യ വ്യാപകം

വിമെന്‍ പോയിന്‍റ് ടീം

2016-ലെ Sample Registration Survey കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ലിംഗാനുപാതം 900-ത്തില്‍ നിന്നും 898 ആയി കുറഞ്ഞിരിക്കുന്നു എന്നാണ് കാണിക്കുന്നത്. ഗുജറാത്തിലെ നഗര മേഖലകളില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലെ ലിംഗാനുപാതം വളരെ കുറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന് 0-6 പ്രായക്കാരായ കുട്ടികളില്‍ 2011-ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 890 പെണ്‍കുട്ടികള്‍ എന്ന കണക്കായിരുന്നുവെങ്കില്‍ പുതിയ സര്‍വേയില്‍ അത് 1000 ആണ്‍കുട്ടികള്‍ക്ക് 848 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഗുജറാത്തിലെ കുറഞ്ഞുവരുന്ന ലിംഗാനുപാതം പെണ്‍കുട്ടികളുടെ ഭ്രൂണഹത്യ നടക്കുന്നു എന്നതിലേക്കുള്ള സൂചനയാണ് എന്നു ഡൌണ്‍ ടു എര്‍ത്തില്‍ എഴുതിയ ലേഖനത്തില്‍ ജാഗൃതി ഗംഗോപാധ്യായ് പറയുന്നു.

ഗുജറാത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യ ഒരു പുതിയ കാര്യമല്ല. മുന്‍കാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭ്രൂണഹത്യ ഗുജറാത്തില്‍ വ്യാപകമായിരുന്നു എന്നാണ്. (Sen, 2003; Vadera et al, 2007; Garg and Nath, 2008) വാസ്തവത്തില്‍ 2014-ല്‍ ഗുജറാത്തില്‍ ഭ്രൂണഹത്യ നിലനില്‍ക്കുന്നുണ്ടെന്നും ഗ്രാമീണ മേഖലകളില്‍ ബോധവത്കരണം ആവശ്യമാണെന്നും അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ നഗരപ്രദേശങ്ങളിലും ലിംഗാനുപാതം കുറയുന്നു എന്ന 2016-ലെ കണക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നഗരകേന്ദ്രങ്ങളായ സൂറത്ത് (835), അഹമ്മദാബാദ് (857), രാജ്കോട് (862) ഗാന്ധിനഗര്‍ (847) എന്നിവയെല്ലാം ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ലിംഗാനുപാതത്തിലെ കുറവാണ് കാണിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍, എന്തുകൊണ്ടാണ് പെണ്‍ ഭ്രൂണഹത്യ നിലനില്‍ക്കുന്നതെന്നും അതെങ്ങനെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും എത്തിയെന്നും നോക്കേണ്ടതുണ്ട്.

ഗുജറാത്തിലെ നഗരമേഖലകളില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിച്ചത് കാണിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘ബേടി ബചാവോ ബേടി പഠാവോ’ പദ്ധതി പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് ഫലം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ്. പെണ്‍കുട്ടികള്‍ ജനിക്കുന്ന ദമ്പതികള്‍ക്ക് 6,000 രൂപ നല്കുക, മത നേതാക്കളുടെയും സ്ഥാപനങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തി പൊതുപരിപാടികള്‍ നടത്തുക, വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിപാടികള്‍ ഈ പദ്ധതിക്കു കീഴില്‍ നടത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. പ്രാഥമിക, സെക്കണ്ടറി വിദ്യാലയങ്ങളിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി 20 കോടി രൂപയും സര്‍ക്കാര്‍ നീക്കിവെച്ചു.പെണ്‍ ഭ്രൂണഹത്യയുടെ മിക്ക സംഭവങ്ങളിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകളെ ഭര്‍ത്താക്കന്മാരും ഭര്‍തൃ വീട്ടുകാരും നിര്‍ബന്ധിക്കുകയാണ്. വനിതാ ദിനം എത്രയൊക്കെ ആഘോഷിച്ചാലും സ്വന്തം ഗര്‍ഭത്തിന് മുകളില്‍പ്പോലും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനാകില്ല എന്നതാണു വസ്തുതയെന്ന് ഇത് കാണിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും