സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമെന്ന് സുപ്രീം കോടതി

വിമെന്‍ പോയിന്‍റ് ടീം

ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം റദ്ദാക്കിയ ഹെെക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ ഹാദിയയുടെ പിതാവ് അശോകന് തിരിച്ചടി. ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്നും കോടതിക്ക് ഇത് റദ്ദാക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നൽകിയിരിക്കുന്നത് മാനഭംഗക്കേസല്ല. വിദേശ റിക്രൂട്ട്മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. എൻഐഎയ്ക്കും മറുപടി നൽകാൻ സമയം നൽകിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഈശ്വരനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു. കേസ് പരിഗണിക്കുന്നത് കോടതി മാർച്ച് എട്ടിലേക്കു മാറ്റി.

ഹാദിയയുടെ വിവാഹത്തെ സംബന്ധിച്ചുള്ള അശോകന്റെ വാദങ്ങളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് രൂക്ഷമായി വിമർശിച്ചു. സിറിയയിൽ പോകാൻ സാധ്യതയുള്ളതിനാലാണ് ഹാദിയയുടെ വിവാഹത്തിൽ ഇടപെട്ടതെന്ന അശോകന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. 

നിയമവിരുദ്ധമായ കാര്യങ്ങൾക്കായി വിദേശത്ത് പോകുമെന്ന് വ്യക്തമായ വിവരമുണ്ടെങ്കിൽ അതിൽ ഇടപെടേണ്ടത് കോടതിയല്ല സർക്കാരാണെന്നും ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് വിവാഹം ചെയ്തതെന്ന് ഷെഫിനും ഹാദിയയും വ്യക്തമാക്കിയിട്ടുണ്ട്. 

അതിനാൽ പങ്കാളികൾക്ക് ഇടയിലുള്ള സമ്മതത്തെക്കുറിച്ച് അന്വേഷണം നടത്താൻ കഴിയുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. കേസില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും രണ്ടു പേര്‍ തമ്മിലുള്ള ബന്ധം സ്വാഭാവികമാണോ അല്ലയോ എന്ന കാര്യം കോടതിക്ക് എങ്ങനെയാണ് പറയാനാവുക എന്നും കോടതി ചോദിച്ചു.
ഹാദിയയുടെ അച്ഛൻ ചില അസാധാരണ സാഹചര്യങ്ങളാണെങ്കിലും ഇപ്പോഴും അവളെ കുട്ടിയായാണ് കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാൽ അവളൊരു പ്രായപൂർത്തിയായ വ്യക്തിയാണ്. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ നടത്തിയ വിവാഹത്തിൽ സമ്മതമുണ്ടായിരുന്നോ എന്നതാണ് പ്രശ്നമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും