സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീട്ടുതടങ്കലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നു കാണിച്ച് ഹാദിയ

വിമെന്‍ പോയിന്‍റ് ടീം

ആറ് മാസക്കാലം താന്‍ അനുഭവിച്ച പീഡനങ്ങള്‍ വ്യക്തമാക്കിയാണ് ഹാദിയ സുപ്രീംകേടതിയില്‍ 25 പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് പോവേണ്ടി വന്ന തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഹാദിയ ഇതില്‍ തുറന്നു കാണിക്കുന്നു. അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖിയാണ് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. താന്‍ മുസ്ലിം ആണെന്നും മുസ്ലീം ആയി ജീവിക്കണമെന്നും ഹാദിയ വ്യക്തമാക്കുന്നു. അവകാശപ്പെട്ട സ്വാതന്ത്ര്യം നിഷേധിച്ച് തടങ്കലിലായിരുന്നു. ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ് ജീവിതം. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം പുന:സ്ഥാപിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തിലൂടെ കോടതിയോട് ആവശ്യപ്പെടുന്നു.

വീട്ടുകാരും പോലീസും കൗണ്‍സിലിങ്ങിനെത്തിയവരും എന്‍ഐഎ ഉദ്യോഗസ്ഥരുമടക്കം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലാണ് ഹാദിയ നടത്തിയിരിക്കുന്നത്. അച്ഛനമ്മരില്‍ നിന്ന് കടുത്ത പീഡനത്തിന് ഇരയാവേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വീട്ട് തടങ്കിലിലായിരുന്നപ്പോള്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായുള്ള ആരോപണമാണ് ഇതില്‍ ഒന്ന്. അമ്മ തനിക്കായി തയ്യാറാക്കുന്ന ഭക്ഷണത്തില്‍ അസ്വാഭാവികമായി എന്തോ ചേര്‍ക്കുന്നത് നേരിട്ട് കണ്ടു. എന്നാല്‍ അമ്മയുടെ ഈ പ്രവൃത്തി പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും തന്നെ കേള്‍ക്കാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറായില്ല. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതിന് തെളിവ് നല്‍കാമെന്നറിയിച്ചിട്ടും കോട്ടയം പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. മൂന്ന് ദിവസം പച്ചവെള്ളം പോലും കുടിക്കാതെ ഭക്ഷണം ഉപേക്ഷിച്ചു. ഒടുവില്‍ സെപ്ഷ്യല്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പി തന്നെ സന്ദര്‍ശിക്കുകയും പോലീസ് മേധാവി രണ്ട് ദിവസത്തിനുള്ളില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അതുണ്ടായില്ല. തുടര്‍ന്ന് വീണ്ടും നിരാഹാരസമരം ആരംഭിച്ചു. തന്റെ ആരോഗ്യസ്ഥിതി വഷളായ സാഹചര്യത്തില്‍ പോലും പോലീസ് മേധാവി തന്റെ പക്കലുള്ള തെളിവുകള്‍ ശേഖരിക്കാന്‍ തയ്യാറായില്ല.

രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ തന്നെ കാണാനായി എത്തിയിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. തന്റെ അനുമതിയില്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോദൃശ്യങ്ങളും പകര്‍ത്തിയപ്പോള്‍ അച്ഛനും പോലീസുകാരും കാഴ്ചക്കാരായി നോക്കിനിന്നു. മൊബൈല്‍ ഫോണ്‍ കിട്ടാന്‍ മൂന്ന് മാസം നിരാഹാരം കിടന്നു. ഒരിക്കല്‍ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്താനായി എത്തിയതിന് ശേഷമാണ് തനിക്ക് പത്രങ്ങള്‍ കിട്ടിത്തുടങ്ങിയത്. എന്നാല്‍ താനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന പത്രങ്ങള്‍ ലഭിച്ചിരുന്നുമില്ല എന്നും ഹാദിയ ചൂണ്ടിക്കാട്ടുന്നു.

പോലീസും എന്‍.ഐ.എ. ഉദ്യോഗസ്ഥരും നടത്തിയ പീഡനമാണ് പിന്നീട് ഹാദിയ എടുത്ത് പറയുന്നത്. സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ട് മുമ്പായാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തിയത്. താന്‍ ഒരു ക്രിമിനലും തീവ്രവാദിയുമാണെന്ന മുന്‍വിധിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. 2016-നു മുമ്പ് ആര്‍ക്കെങ്കിലും ഇസ്ലാമിക വീഡിയോ അയച്ചിരുന്നോ എന്ന അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ അറിയില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ എന്നെ കള്ളിയാക്കി. എന്‍ഐഎ അന്വേഷണ സംഘം തന്നെ മൊഴി വായിച്ച് കേള്‍പ്പിച്ചില്ല. കൂടാതെ ഷഫിന്‍ ജഹാന്‍ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചതായും ഹാദിയ പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത പീഡനങ്ങളാണുണ്ടായത്. വൈക്കം ഡിവൈഎസ്പി പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയത്. ഹൈക്കോടതിവിധിയെത്തുടര്‍ന്ന് വീട്ടിലെത്തിയതിന്റെ പിറ്റേദിവസം ഡിവൈഎസ്പിയും എട്ട് പോലീസുകാരും വീട്ടിലേക്ക് എത്തി. അദ്ദേഹത്തിന്റെ പെരുമാറ്റം സഹിക്കാവുന്നതിനപ്പുറമായിരുന്നു. ക്രിമിനലുകളോട് പെരുമാറുന്നത് പോലെ പെരുമാറാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടി വന്നു. അതിസാമര്‍ഥ്യം കാണിക്കാന്‍ ശ്രമിക്കേണ്ടന്നും നിങ്ങള്‍ എന്റെ കസ്റ്റഡിയിലും മേല്‍നോട്ടത്തിലുമാണെന്നും നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം എന്നുമാണ് ഡിവൈഎസ്പി എന്നോട് പറഞ്ഞത്. എന്നാല്‍ കേസ് അന്വേഷിച്ച ക്രൈബ്രാഞ്ച് സംഘം ഇതില്‍ നിന്ന് വ്യത്യസ്തമാണന്നും അവരില്‍ നിന്ന് നല്ല പെരുമാറ്റമാണുണ്ടായതെന്നും ഹാദിയ വ്യക്തമാക്കുന്നു. സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കാണാനെത്തിയ ദേശീയ വനിതാ കമ്മീഷനംഗം താന്‍ പറയാത്ത് കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത് എന്നും ഹാദിയ ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാം മതം ഉപേക്ഷിക്കണമെന്നും പുതിയ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും കൗണ്‍സിലര്‍മാര്‍ വീട്ടില്‍ കയറിയിറങ്ങിയെന്ന് ഹാദിയ പറയുന്നു. കൗണ്‍സിലര്‍മാരുടെ പീഡനം പോലീസിന്റെ അനുവാദത്തോടെയായിരുന്നു. പുതിയ വിവാഹം കഴിക്കണമെന്ന അവരുടെ അഭിപ്രായത്തോടും പോലീസുകാര്‍ യോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ ഭയം തോന്നി. തന്റെ വീട്ടില്‍ കൗണ്‍സലിങ് എന്ന് പറഞ്ഞെത്തിയവര്‍ പലരും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ഷഫിന്‍ ജഹാനെക്കുറിച്ചുള്ള നുണക്കഥകള്‍ പറഞ്ഞുണ്ടാക്കി. തന്നെ ആ മുറിയില്‍ നിന്ന് പുറത്തുവരാന്‍ പോലീസ് ഒരിക്കല്‍ പോലും അനുവദിച്ചിരുന്നില്ല. വീട്ടിലെത്തിക്കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളില്‍ ഇസ്ലാംമതം സ്വീകരിച്ചതിനും ഷഫിന്‍ ജഹാനെ വിവാഹം ചെയ്തതിനും അച്ഛന്റെ അക്രമവും സഹിക്കേണ്ടി വന്നു. രണ്ട് വനിതാ പോലീസുകാര്‍ കിടപ്പുമുറിയിലും എട്ട് പോലീസുകാര്‍ മുറിക്കും പുറത്തുമുണ്ടായിരുന്നു. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നത് നിര്‍ത്തി. സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും മൂലം ഇസ്ലാം മതം പിന്തുടരുന്നില്ലെന്ന് വീട്ടുകാരുടേയും പോലീസുകാരുടേയും മറ്റുള്ളവരുടേയും മുന്നില്‍ അഭിനയിച്ചു.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് മെഹറുള്‍പ്പെടെ എല്ലാ സ്വര്‍ണവും പോലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ ഊരിവാങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രാഹുല്‍ ഈശ്വറും പല തവണ അച്ഛനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരേയും സുഹൃത്തുക്കളേയും, വനിതാ പ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും അതിന് അനുവദിച്ചുമില്ല. അവരുടെ ശ്രദ്ധയാകര്‍ഷിക്കാനായി ബഹളം വച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും വലിച്ചിഴക്കുകയും ചെയ്തു. വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണമെന്ന് വീട്ടുകാരോടും പോലീസുകാരോടും അവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായനയാണെന്ന് കുറ്റപ്പെടുത്തി.

വേ ടു നിക്കാഹ് എന്ന സൈറ്റ് വഴിയാണ് വിവാഹാലോചന വന്നതെന്നും ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതെന്നും ഹാദിയ വ്യക്തമാക്കുന്നു. ഷഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി നിയമിക്കണം. ഭര്‍ത്താവും ഭാര്യയുമായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അവര്‍ ആവശ്യപ്പെട്ടു.

അച്ഛനമ്മമാരോട് വെറുപ്പില്ല. അവരോടുള്ള കടപ്പാട് വിലമതിക്കാന്‍ കഴിയാത്തതാണ്. അവരെ അനാഥരാക്കിയിട്ടില്ല. ഇനി ആക്കുകയുമില്ല. രക്ഷകര്‍ത്താക്കളെ തള്ളിപ്പറയില്ല. ഇസ്ലാം വിശ്വാസം ഉപേക്ഷിച്ച ശേഷമേ വീട്ടിലേക്ക് മടങ്ങിവരാവൂ എന്ന് അച്ഛനുംഅമ്മയും പറഞ്ഞതുകൊണ്ട്  ഇസ്ലാമിനെക്കുറിച്ചുള്ള പഠനത്തിന് ശേഷം വീട്ടിലേക്ക് പോവാന്‍ കഴിഞ്ഞില്ല. എന്നാല്‍ അച്ഛന്‍ ചിലരുടെ സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും ഹാദിയ ചൂണ്ടിക്കാട്ടുന്നു. അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും തന്നെ പീഡിപ്പിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഹാദിയ കോടതിയോട് ആവശ്യപ്പെടുന്നു. താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും അപരിഹാര്യമായ നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യമുണ്ട്.

ഹാദിയയുടെ സത്യവാങ്മൂലം കോടതി വ്യാഴാഴ്ച പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കഴിഞ്ഞ മാസം സുപ്രീം കോടതി ഹാദിയയേയും കക്ഷി ചേര്‍ത്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. മതംമാറ്റം, ഷഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഹാദിയയക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അത് സമര്‍പ്പിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും