സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകളുടെ മുഴുവന്‍ മുന്നേറ്റങ്ങളേയും കേരളത്തിലെ യാഥാസ്ഥിതിക സമൂഹം ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയോ ദുരര്‍ത്ഥ വാക്കുകളിലൂടെയോ മാത്രമാണ് നേരിട്ടതെന്ന് സുജ സൂസന്‍ ജോര്‍ജ്

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളുടെ മുഴുവന്‍ മുന്നേറ്റങ്ങളേയും കേരളത്തിലെ യാഥാസ്ഥിതിക സമൂഹം ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയോ ദുരര്‍ത്ഥ വാക്കുകളിലൂടെയോ മാത്രമാണ് നേരിട്ടതെന്ന് സുജ സൂസന്‍ ജോര്‍ജ്. ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ  പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പോസ്റ്റിന്റെ പൂര്‍ണ രൂപം ;

സ്ത്രീകളുടെ ഏത് മുന്നേറ്റത്തെയാണ് കേരളത്തിലെ യാഥാസ്ഥിതിക സമൂഹം ദ്വയാർത്ഥ പ്രയോഗത്തിലൂടെയോ ദുരർത്ഥ വാക്കുകളിലൂടെയോ അല്ലാതെ നേരിട്ടിട്ടില്ലാത്തത്?

വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതിനാലാണ് തോമസ് ഐസക് ബജറ്റിനിടെ മലയാളത്തിലെ വനിതാ എഴുത്തുകാരുടെ വരികൾ ഉപയോഗിച്ചതെന്ന് കെ പി സി സി അധ്യക്ഷൻ എം എം ഹസ്സൻ.

സഖാവ് തോമസ് ഐസക്കിനെതിരായ വ്യക്തിപരമായ ഒരു നീച ആക്രമണമായിരിക്കും അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാരില്‍ പലരുടെയും പതിവാണിത്. അതിനെ പ്രതികരണാർഹമായിപ്പോലും ഞാൻ കാണുന്നില്ല. സഖാവ് തോമസ് ഐസക്കിനെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കൊണ്ട് കേരളത്തിലെ ജനങ്ങൾക്കറിയാം. അദ്ദേഹം അർഹിക്കുന്ന ആദരവ് കേരള സമൂഹം നല്കുന്നുമുണ്ട്. ആരെങ്കിലും വലിച്ചെറിയുന്ന കല്ല് അതില്‍ ഒരോളവും ഉണ്ടാക്കില്ല.

പക്ഷേ, കേരളത്തിലെ സ്ത്രീ എഴുത്തുകാർ തലമുറകളിലൂടെ പടുത്തുയർത്തിയ ഒരു ആശയലോകമുണ്ട്. മലയാളനാട്ടിലെ സ്ത്രീകൾ അവരുടെ സ്വത്വം പതിറ്റാണ്ടുകൾ കൊണ്ട് സ്ഥാപിച്ചെടുത്ത ഒരു മുഖ്യമേഖല സാഹിത്യമാണ്. ഞങ്ങൾ ഇവിടെ ഇങ്ങനെ ജീവിച്ചിരിക്കുന്നു എന്ന് തലമുറകൾ കൊണ്ട് വിളിച്ചു പറഞ്ഞു. ഞങ്ങളുടെ വിചാരങ്ങളും വികാരങ്ങളും ഇങ്ങനെയാണെന്ന് കണ്ണീരിലും ചോരയിലും ചാലിച്ച് എഴുതി വച്ചു. ലളിതാംബിക അന്തർജനവും സരസ്വതി അമ്മയും മുതൽ ഇതിനായി ഇറങ്ങിപ്പുറപ്പെട്ട എല്ലാവർക്കും കല്ലും മുള്ളും നിറഞ്ഞതായിരുന്നു ജീവിതം. എഴുത്തിൽ വിപ്ലവം സൃഷ്ടിച്ച രാജലക്ഷ്മിക്ക് കടുവാക്കുകൾക്ക് മുന്നിൽ ജീവിതം സ്വയം എറിഞ്ഞുടയ്ക്കേണ്ടി വന്നു. ഇതിനെയൊക്കെ സർഗാത്മകമായി നേരിട്ട മാധവിക്കുട്ടി ഏറ്റ കല്ലേറുകൾക്ക് കണക്കില്ല. ഇന്നത്തെ എഴുത്തുകാരികളും ഇതു തന്നെ നേരിടുന്നു. അത് സുഗതകുമാരി ആയാലും സാറാ ജോസഫ് ആയാലും വത്സല ആയാലും ലീലാവതി ടീച്ചർ ആയാലും കെ ആർ മീര ആയാലും..വിജയലക്ഷ്മിയും സാവിത്രി രാജീവനും വ്യത്യസ്താനുഭവമല്ല ഉള്ളത്.
ഇ കെ ഷാഹിനയെയും ബിലു സി നാരായണനെയും പോലുള്ള പുതു തലമുറയിലെ എഴുത്തുകാരും അതു തന്നെ നേരിടുന്നു.

ഇവരും കൂടെ സൃഷ്ടിച്ചതാണ് ഇന്നത്തെ കേരളം. ഇന്ന് താരതമ്യേന എന്തെങ്കിലും ജീവിതനിലവാരക്കൂടുതൽ കേരള സ്ത്രീകൾക്കുണ്ടെങ്കിൽ പോരാടിയ തൊഴിലാളി വർഗ സ്ത്രീകൾക്കൊപ്പം ആശയങ്ങളെടുത്ത് പയറ്റിയ ഇവർക്കുമുണ്ട് ഇന്നത്തെ മലയാള സ്ത്രീയുടെ വ്യത്യസ്തതയിൽ ഒരു പങ്ക്. രാഷ്ട്രീയ – സാമൂഹ്യ നേതാക്കളായ മാറ്റത്തിൻറെ പതാകവാഹകരോടൊപ്പം ഇവരും പോരാടി. 
എം എം ഹസ്സനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഇത് മനസ്സിലായെന്ന് വരില്ല. കോൺഗ്രസിലെയും മറ്റു രാഷ്ട്രീയ കക്ഷികളിലെയും ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ഇത് മനസ്സിലാക്കാനാവാത്തവർ തന്നെയാണ്. . പുരോഗമനരാഷ്ട്രീയ ബോധം സ്വാംശീകരിക്കാനാകാത്തവര്‍ മിണ്ടാതിരിക്കയെങ്കിലും വേണം.

എഴുപതുകളോടെ ലോകമാകമാനം സ്ത്രീവാദം ഒരു രാഷ്ട്രീയ ശക്തി ആയി. കേരളത്തിലെയടക്കം പുതിയ തലമുറ അതിൻറെ ഉല്പന്നങ്ങളാണ്. മലയാളി എഴുത്തുകാരികളെ അധിക്ഷേപിക്കുകയാണ് ശ്രീ.എം എം ഹസ്സൻ. അവരുടെ എഴുത്തിന് കിട്ടിയ ഒരു അംഗീകാരത്തെ വീട്ടമ്മയില്ലാത്ത വീട്ടിലിരുന്നെഴുതിയതിനാൽ ഉദ്ധരിക്കേണ്ടി വന്ന ഗതികേടായാണ് ദുരർത്ഥ സൂചനയോടെ കെ പി സി സി പ്രസിഡണ്ട് കളിയാക്കുന്നത്. സ്ത്രീകളെ എത്രയും ആദരവോടും സ്നേഹത്തോടും കണ്ടിരുന്ന മുഹമ്മദ് അബ്ദുറഹ് മാൻ സാഹിബിൻറെ കസേരയിലാണ് താനിരിക്കുന്നത് എന്ന് താങ്കൾ ഇടയ്ക്കെങ്കിലും ഓർക്കണം.

കേരള ബജറ്റിൻറെ സ്ത്രീപക്ഷസമീപനം വ്യക്തമാക്കാൻ മലയാള സ്ത്രീ രചനകൾ ഉദ്ധരിച്ചത് സഖാവ് തോമസ് ഐസക്കിൻറെ ഔദാര്യമല്ല, കേരളത്തിലെ സ്ത്രീ എഴുത്തുകാരികൾ മുഖ്യധാരയിലേക്ക് കടന്നിരിക്കാൻ ചെയ്ത സർഗാത്മക വിപ്ലവത്തിൻറെ അംഗീകാരം മാത്രമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും