സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്മൃതി ഇറാനി, എന്റെ കുട്ടികള്‍ നിങ്ങളെ വേട്ടയാടും: രാധിക വെമുല

വിമെന്‍ പോയിന്‍റ് ടീം

‘സ്മൃതി ഇറാനി, ഞാന്‍ നിങ്ങള്‍ക്ക് മാപ്പു നല്‍കില്ല. നിങ്ങള്‍ മന്ത്രാലയം മാറിയിട്ടുണ്ടാവാം. പക്ഷെ, നിങ്ങളെ ഞാനൊരിക്കലും മറക്കില്ല. ഞാന്‍ എന്റെ കുട്ടികളെ (ദളിത്-ബഹുജന) പാര്‍ലമെന്റിലേക്ക് അയയ്ക്കും. അവര്‍ നിങ്ങളെ ചോദ്യം ചെയ്യുകയും വേട്ടയാടുകയും ചെയ്യും.’ രാധിക വെമുലയുടെ വാക്കുകളാണിത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ വച്ച് ഒരു ജനുവരി 17ന് ആത്മഹത്യ ചെയ്ത പിഎച്ച്ഡി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ രണ്ടാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മകന്‍ മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ദളിത് വ്യക്തിത്വം തെറ്റാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. ഹൈദരാബാദ് സര്‍വകലാശാലയിലെ സാവിത്രി ഫൂലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് തന്റെ സ്വത്വത്തെ അപമാനിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ അവര്‍ ആഞ്ഞടിച്ചു. ബിജെപിയ്ക്ക് ദ്വന്ദ വ്യക്തിത്വമാണുള്ളത്. നരേന്ദ്ര മോദി അവകാശപ്പെടുന്നതുപോലെ ഒരു പിന്നോക്കക്കാരനല്ല. അദ്ദേഹം ഒരു ബനിയയാണ്. ഈ സത്യം ഉടന്‍ പുറത്തുവരും. ഈ സാഹര്യത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ ഇവര്‍ ആരാണെന്നും രാധിക ചോദിച്ചു.

യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കാതിരുന്ന സര്‍വകലാശാല അധികൃതരുടെ നടപടിയെയും അവര്‍ വിമര്‍ശിച്ചു. ഭരണകൂട ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. എന്താണ് തങ്ങള്‍ സംസാരിക്കുന്നതെന്നും സര്‍വകലാശാലയില്‍ എന്താണ് സംഭവിക്കുന്നതെന്നും മാധ്യമങ്ങളും സാധാരണ ജനങ്ങളും അറിയുന്നതിനെ അധികാരികള്‍ ഭയപ്പെടുകയാണെന്ന് രാധിക പറഞ്ഞു. പോലീസിനെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നവെന്നും അവര്‍ ചോദിച്ചു. സ്വന്തം സര്‍ക്കാരാണെന്ന് കരുതി എന്തും ചെയ്യാമെന്ന് ബിജെപിക്കാര്‍ കരുതരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ സര്‍ക്കാര്‍ വീണുകഴിയുമ്പോള്‍ ദളിത് സര്‍ക്കാരാവും അധികാരത്തില്‍ വരികയെന്നും അവര്‍ പറഞ്ഞു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ദളിതര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും