സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതായി ദിയ സന

വിമെന്‍ പോയിന്‍റ് ടീം

താനും വര്‍ഷങ്ങളായി കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയാണ് ദിയ സന. നാല് വര്‍ഷക്കാലമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ദിയ ഒട്ടനവധി തവണ അതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുമുണ്ട്. എന്നിരുന്നാലും ഒരു സ്ത്രീയായി നിന്നുകൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷമായി ദിയ ഈ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഈ സമൂഹത്തില്‍ പ്രത്യേകിച്ചും യുവതലമുറയുടെ ഇടയില്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ദിയയുടെ ഇടപെടലുകള്‍ ഒരു പ്രധാനപ്പെട്ട കാരണമാണ്. എന്നാല്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി താന്‍ നടത്തിയിരുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്ന് ഇപ്പോള്‍ ദിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. താന്‍ ഒരു സ്ത്രീയാണെന്നത് കൊണ്ട് ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അര്‍ഹയല്ല എന്ന രീതിയില്‍ ചിലര്‍ പൊതുവേദികളില്‍ തന്നെ നടത്തുന്ന ആരോപണങ്ങളാണ് ഏറെ വിഷമം പിടിച്ച ഈ തീരുമാനമെടുക്കാന്‍ കാരണമെന്ന് ദിയ പറയുന്നു.

''വളരെ വേദനയോടെ ആണെങ്കിലും ചില സത്യങ്ങൾ തുറന്നു പറയുക തന്നെ വേണം, എന്റെ കുറ്റസമ്മതമോ തുറന്നു പറച്ചിലോ പരാജയമോ ഒക്കെയായി ഇതിനെ വായിക്കാം .

ക്യാൻസർ ബാധിച്ച ഒരു അവയവം മുറിച്ചു മാറ്റാനായി ഓപ്പറേഷൻ തിയേറ്ററിൽ കയറ്റുന്നത്തിനു തൊട്ടു മുൻപുള്ള ഒരാളുടെ അവസ്ഥയിൽ ആണ് ഞാൻ. ഇരുപത്തിയേഴു വർഷം സ്വന്തം ശരീരത്തിന്റെ ഭാഗമായിരുന്ന ഒരവയവം ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുറിച്ചു മാറ്റുന്നു, ആ അവയവം പിന്നീട് കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യും , മുറിച്ചു മാറ്റിയതിന്റെ മുറിവ് അവിടെ അവശേഷിക്കുകയും ചെയ്യും .

കഴിഞ്ഞ നാല് വർഷങ്ങളായി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്ന ട്രാൻസ്ജെണ്ടർ കമ്യൂണിറ്റിയിലെ സഹജീവികൾക്കു വേണ്ടിയുള്ള എളിയ പ്രവർത്തനങ്ങൾ ഞാൻ അവസാനിപ്പിക്കുകയാണ്.

ഇനി ഒരിക്കലും ട്രാൻസ്ജെണ്ടർ കമ്യൂണിറ്റിയിലെ സഹജീവികൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളിൽ , അതെന്തുമാവട്ടെ , ആക്രമണമോ , പോലീസ് കസ്റ്റഡിയോ, ജയിലോ , സമരമോ , ഉറങ്ങാൻ ഒരു ഇടം ഇല്ലാത്തതോ എന്തുമാവട്ടെ , കനത്ത ഹൃദയ വേദനയോടെ തന്നെ ഇടപെടുന്നത് ഒഴിവാക്കുകയാണ്.

ഞാൻ ഒരു സ്ത്രീ ആണ് എന്നത് കൊണ്ട് ട്രാൻസ്ജെണ്ടർ കമ്യൂണിറ്റിക്കു വേണ്ടി പ്രവർത്തിക്കാൻ അർഹയല്ല എന്ന രീതിയിലുള്ള ഒരു വിഭാഗത്തിന്റെ പൊതുവേദിയിൽ ഉള്ള വേദനിപ്പിക്കുന്ന ആരോപണങ്ങൾ ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കാരണം .

ദളിത് പ്രശ്നങ്ങളിൽ സമരം ചെയ്യാൻ ദളിത് ആയ ഒരാൾക്കും ആദിവാസി പ്രശ്നങ്ങളിൽ അറസ്റ്റ് വരിക്കാൻ ആദിവാസിയ്ക്കും സ്ത്രീപക്ഷ പ്രശ്നങ്ങളിൽ സംസാരിക്കാൻ സ്ത്രീയ്ക്ക് മാത്രവും ആണ് അവകാശം എന്ന മുരട്ടു ന്യായം ആണ് ട്രാൻസ്ജെണ്ടർ വിഷയത്തിൽ ട്രാൻസ് ജെണ്ടർ അല്ലാത്ത ഒരാൾ ഇടപെടരുത് എന്ന് പറയുന്നതിലൂടെ ചില ട്രാൻസ്ജെണ്ടർ ആക്റ്റിവിസ്റ്റുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

സ്ത്രീ എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു , രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒട്ടും സുരക്ഷിതമല്ലാത്ത പലതരം സാഹചര്യങ്ങളിലേയ്ക്ക് ഓടി ഇറങ്ങുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ശാരീരികമായ ആക്രമണം പോലും നേരിട്ടിട്ടുണ്ട്.എന്നിട്ടും സ്ത്രീ എന്ന നിലയിൽ തന്നെ ലിംഗ - ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടായിരുന്നു .

ട്രാൻസ്ജെണ്ടർ കമ്യൂണിറ്റിയിൽ ഉള്ളവർക്ക് വേണ്ടി ട്രാൻസ്ജെണ്ടർ ആയവർ മാത്രം പ്രവർത്തിച്ചാൽ മതി എന്ന തീരുമാനം കമ്യൂണിറ്റിയിൽ ഉണ്ടെങ്കിൽ എനിക്ക് പരിഭവം ഒന്നുമില്ല.

പക്ഷെ ബാക്കി വച്ച ഒരു സ്വപ്നം ഉണ്ട് , അതുകൂടി ഞാൻ ഇവിടെ തിരികെ വച്ചു പോവുകയാണ്. ഒരു വലിയ സ്വപ്നം

ട്രാൻസ്ജെണ്ടർ ആയുള്ളവർക്കു സുരക്ഷിതമായി കേരളത്തിൽ താമസിക്കാൻ ഉള്ള സൗകര്യം. ലോഡ്ജുകളിൽ നിന്നും ലോഡ്ജുകളിലേയ്ക്ക് ആട്ടിപ്പായിക്കുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം , ഈ ഒരു മോഹം ഞാൻ നിങ്ങള്ക്ക് കൈമാറുകയാണ്. അങ്ങനെ എനിക്ക് ചെയ്യാൻ കഴിയാതെ പോയ പലതും . 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകൾ , നിയമ സഹായകേന്ദ്രങ്ങൾ, ട്രാൻസ്ജെണ്ടറുകൾക്കെതിരെ ഉള്ള അനേകം വ്യാജകേസുകളിൽ നിയമ പരിഹാരം , സംരംഭകർക്ക്‌ ലോണുകൾ എന്നിവയൊക്കെ സ്വപ്നങ്ങളായിരുന്നു. അതൊക്കെ ഞാൻ നിനകളെ ഏൽപ്പിച്ചാണ് തിരികെ പോകുന്നത്.

അക്കാഡമിസ്റ്റ്- ആക്റ്റിവിസ്റ്റ് പരിവേഷം നൽകുന്ന സ്റ്റേജ് പ്രോഗ്രാമുകളിലും ചടങ്ങുകളിലും പത്രസമ്മേളനങ്ങളിലും മുഖം കാണിക്കുന്നതിലും ഉപരി അർദ്ധരാത്രിയും പുലർച്ചെയും നട്ടുച്ചയും എന്നിലാതെ ജീവിക്കാനായി ഭിക്ഷാടനം ചെയ്യുന്ന , ഗതിയില്ലാതെ ലൈംഗിക തൊഴിൽ ചെയ്യുന്ന , അച്ചാറും കുഞ്ഞു കരകൗശല സാധനങ്ങളും ഉണ്ടാക്കി വിറ്റു ജീവിതത്തോട് പോരടിക്കുന്നവരുടെ കൂടെ നിൽക്കാനായിരുന്നു എന്നും താല്പര്യം.

ട്രാൻസ്ജെണ്ടറുകൾക്കു വേണ്ടി ട്രാൻസ്ജെണ്ടർ ആയവർ മാത്രം പ്രവർത്തിച്ചാൽ മതി എന്ന കമ്യൂണിറ്റി ലീഡർമാർ എടുത്ത തീരുമാനം, കമ്യൂണിറ്റിയുടെ തീരുമാനമായതിനാൽ അംഗീകരിക്കുന്നു. ലീഡർ ആയുള്ളവർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുക എന്നത് തന്നെയാണ് ഏതൊരു കൂട്ടായ ലക്ഷ്യത്തിനും ഗുണം ചെയ്യുക.

ഒരുപാട് ഓർമ്മകൾ ഈ നാല് വർഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ''
.
എന്നെ പതിയെ മറന്നേക്കുക.
ദിയ സന.....


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും