സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പുരുഷന്റെ തുണയില്ലാതെ സ്ത്രീക്ക് സ്വതന്ത്രമായി ഹജ്ജിന് പോകാന്‍ അനുമതി; പ്രധാനമന്ത്രിയുടെ പ്രസ്താവന വസ്തുത മറച്ചുവെച്ച്

വിമെന്‍ പോയിന്‍റ് ടീം

മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജിന് പോകണമെങ്കില്‍ അടുത്ത ബന്ധത്തില്‍ പെട്ട ആരെങ്കിലും വേണമെന്ന ശരീഅത്ത് നിയമം മാറ്റിയത് മോദി സര്‍ക്കാര്‍ ആണെന്ന് ‘മന്‍ കി ബാത്ത്’ എന്ന പ്രതിമാസ റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. 2017 ഡിസംബര്‍ 31ന് നടത്തിയ പ്രഭാഷണത്തില്‍ നടത്തിയ പരിപാടിയിലാണ് മോദിയുടെ അവകാശവാദം. എന്നാല്‍ പരാമര്‍ശം വസ്തുത മറച്ചുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിയമ ഭേദഗതി വരുത്തിയത് സൗദി അറേബ്യ

പുരുഷന്റെ തുണയില്ലാതെ സ്ത്രീക്ക് സ്വതന്ത്രമായി ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിന് പോകാനായി നിയമങ്ങള്‍ ലഘൂകരിക്കുന്നത് പ്രശംസനീയമാണ്. എന്നാല്‍ അത്തരം നടപടി നേരത്തെ ഉണ്ടായിരുന്നുവെന്നത് പ്രധാനമന്ത്രി മറച്ചുവെയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി പറഞ്ഞ മാറ്റം സൗദി അറേബ്യക്ക് മാത്രമേ ചെയ്യാനാകു. ആ രാജ്യത്തിന്റെ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ മറ്റ് രാജ്യങ്ങള്‍ക്ക് സാധിക്കില്ല. തീര്‍ത്ഥാടകരെ അയക്കുന്ന രാജ്യങ്ങളുടെ വിസചട്ടങ്ങള്‍ സൗദി അറേബ്യയുടെ ചട്ടങ്ങള്‍ക്കനുസൃതമായി നില്‍ക്കണമെന്നതാണ് അന്താരാഷ്ട്രനിയമം.

പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചിട്ടുളള ഭേദഗതി 2018-22 കേന്ദ്ര ഹജ്ജ് നയത്തിന്റെ കരട് രൂപത്തിലാണുളളത്. അഞ്ചംഗ പാനലിന്റെ നിര്‍ദ്ദേശമായിട്ടാണ് കരടില്‍ ഇക്കാര്യം ചേര്‍ത്തിരിക്കുന്നത്. 2017, ഒക്ടോബര്‍ 8 ന് ദി ടെലിഗ്രാഫ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മാത്രമല്ല, 27-05-2015 ന് അപ്പ്‌ഡേറ്റ് ചെയ്ത സൗദി അറേബ്യ എംബസിയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്ന 45 വയസിനു താഴെ പ്രായമുളള സ്ത്രീകള്‍ക്ക് പുരുഷന്റെ കൂട്ട് വേണമെന്ന് നിര്‍ബന്ധമെന്ന് സൈറ്റില്‍ പറയുന്നു. അതായത് 45 വയസിനു മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനായി ‘മെഹറം’ ഇല്ലാതെ പോകാനുളള അനുമതി സൗദി സര്‍ക്കാര്‍ തന്നെ നേരത്തെ നല്‍കിയെന്ന് വ്യക്തം. ആ വസ്തുത മറച്ചുവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ പ്രസംഗിച്ചത്.

പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിലെ ഭാഗം

“മുതിര്‍ന്ന പുരുഷനോ ആണ്‍ രക്ഷാകര്‍ത്താവോ ഇല്ലാതെ മുസ്ലിം സ്ത്രീക്ക് ഒറ്റയ്ക് ഹജ്ജിന് പോകാനാകില്ലെന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അതെങ്ങനെ സാധ്യമെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ആര്‍ക്കാണ് അത്തരം നിയമം ഉണ്ടാക്കാന്‍ സാധിക്കുക? എന്തുകൊണ്ടാണ് ഈ വിവേചനം? ഞാന്‍ ആ വിഷയം ആഴത്തില്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പോയി. സ്വതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായി, ഈ നിരോധനം ഏര്‍പ്പെടുത്തിയതില്‍ നമ്മളുമുണ്ടെന്ന് കാര്യം കണ്ടെത്താനായി. ദശാബ്ദങ്ങളായി മുസ്ലിം സ്ത്രീകള്‍ക്കെതിരെ അനീതി നടക്കുന്നു. നമ്മള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നേയില്ല. പല ഇസ്ലാമിക രാജ്യങ്ങളിലും ഈ രീതിയില്ല. പക്ഷെ, ഇന്ത്യയിലെ മുസ്ലിം സ്ത്രീക്ക് ഒറ്റയ്ക് ഹജ്ജിന് പോകാനുളള അനുമതിയുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെട്ടതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്.

കഴിഞ്ഞ 70 വര്‍ഷമായി നിലനില്‍ക്കുന്ന ഈ സമ്പ്രദായം നീക്കി വേണ്ട തിരുത്തല്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് നമ്മുടെ ന്യൂനപക്ഷ കാര്യ വകുപ്പ്. ഇന്ന് ഇന്ത്യയിലെ ഏതൊരു സ്ത്രീക്കും ഒറ്റക്ക് ഹജ്ജിനു പോകാനുളള സ്വാതന്ത്ര്യം ഉണ്ട്. ഇന്ന് 1300 സ്ത്രീകള്‍ ഒറ്റയ്ക് ഹജ്ജിനു പോകാന്‍ അപേക്ഷിച്ചുവെന്ന് പറയുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. വടക്കെ ഇന്ത്യ മുതല്‍ കേരളം വരെയുളള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സ്ത്രീകള്‍ ‘മെഹറം’ (അടുത്ത ബന്ധത്തിലുളള പുരുഷന്റെ അകമ്പടി) ഇല്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകാന്‍ ആഗ്രഹിക്കുന്നുണ്ട്.”


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും