സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കടല്‍ത്തീരങ്ങളില്‍ ജീവനോടിരിക്കുന്നവര്‍ ഇവിടെ കിടന്ന് തന്നെ മരിക്കും-ഒരു മത്സ്യ തൊഴിലാളി സ്ത്രീ പറയുന്നു

വിമെന്‍ പോയിന്‍റ് ടീം

''മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. ഇനിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ എങ്ങനെ കഴിയുമെന്ന് അറിയില്ല.കടല്‍ത്തീരങ്ങളില്‍ ജീവനോടിരിക്കുന്നവര്‍ ഇവിടെ കിടന്ന് തന്നെ മരിക്കും''. -പൂന്തുറയിലെ ഒരു 
മത്സ്യ തൊഴിലാളി സ്ത്രീ പറയുന്നു. കടലില്‍ പോകുന്ന ആണുങ്ങള്‍ കൊണ്ടുവരുന്ന മത്സ്യം മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കുന്നത് സ്ത്രീകളാണ്. ഇനി ദിവസങ്ങളോളം പുരുഷന്മാര്‍ക്ക് കടലില്‍ പോകാനാകില്ല. അതോടെ കടലില്‍ നിന്നും മത്സ്യം ലഭിക്കാതെയാകുകയാണ്. അതോടെ സ്ത്രീകള്‍ നടത്തിവന്നിരുന്ന മത്സ്യക്കച്ചവടം ഇല്ലാതാകുന്നു.

കരയിലെ ആണുങ്ങള്‍ പണിക്ക് പോയാല്‍ മാത്രമേ ഇവിടുത്തെ സ്ത്രീകള്‍ക്കും പണിക്ക് പോകാനാകൂവെന്ന സത്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ എടുത്തു ചെലവാക്കാന്‍ പോലുമുള്ള പണം തങ്ങളുടെ കൈവശമില്ലെന്നും അവര്‍ പറയുന്നു. സര്‍ക്കാരും മറ്റുള്ള ജനങ്ങളും എത്തിക്കുന്ന സഹായമാണ് ഇപ്പോള്‍ അവരുടെ ജീവനെ പിടിച്ചു നിര്‍ത്തുന്നത്. 

ദുരന്തം സ്ത്രീകളെയും കുട്ടികളെയും വലയ്ക്കുമ്പോള്‍ ഇവിടുത്തെ പുരുഷന്മാരില്‍ പലരും എങ്ങനെയാണ് മദ്യപിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ഈ ദുരന്തദിനങ്ങളില്‍ പോലും മദ്യപിക്കാന്‍ ഈ പുരുഷന്മാര്‍ക്ക് എവിടെ നിന്ന് പണം ലഭിക്കുന്നു. കടലില്‍ പോകുന്ന പുരുഷന്മാര്‍ തങ്ങളുടെ വരുമാനത്തിന്റെ നാലില്‍ മൂന്നു പങ്കും മദ്യപാനത്തിനായാണ് മാറ്റിവയ്ക്കുന്നത്. സ്ത്രീകള്‍ മത്സ്യം മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍ക്കുന്നതിനാലാണ് പല വീടുകളിലും അടുപ്പു പുകയുന്നതെന്നും ഇവര്‍ പറയുന്നു. തങ്ങളെ സഹായിക്കേണ്ട പള്ളി ഇപ്പോള്‍ വരുമാനം കുറവായതിനാല്‍ സഹായിക്കാനാകാത്ത അവസ്ഥയിലാണെന്നാണ് ഇവര്‍ പറയുന്നത്. കടലില്‍ പോക്കുള്ളപ്പോഴാണ് പള്ളിക്ക് കുത്തക കമ്മിഷന്‍ നല്‍കുന്നത്. നൂറ് രൂപയ്ക്ക് അഞ്ച് രൂപ വീതമാണ് കുത്തക കമ്മിഷന്‍. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഓരോ കടല്‍ത്തീരത്തുനിന്നും പള്ളികള്‍ക്ക് ഈ വകയില്‍ ലഭിക്കുന്നത്. എന്നാല്‍ കടലില്‍ പോകാത്തപ്പോള്‍ പള്ളിക്കുള്ള ഈ വരുമാനം ഇല്ലാതായിരിക്കുകയാണ്. അതേസമയം മുന്‍വര്‍ഷങ്ങളിലെ കുത്തക കമ്മിഷന്റെ നീക്കിയിരിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ സ്ത്രീകള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ സാധിക്കുന്നില്ല.ബോട്ട് ഉടമസ്ഥര്‍ക്കും ഇവരെ സഹായിക്കാനാകുന്നില്ല.

ഒരുനേരത്തെ ഭക്ഷണത്തിനായി ആരെന്ന് പോലുമറിയാത്തവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണ്. ഈമാസം 30 വരെയും ഇതേ നില തുടരുമെന്നും ഉറപ്പ് ലഭിക്കാതെ കടലില്‍ പോകരുതെന്നുമാണ് ഇവര്‍ക്ക് പള്ളിയില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശം. കടലില്‍ നിന്നും അമ്പത് രൂപയും ഒരു കത്തി മീനും കൊണ്ടുവന്നാല്‍ തങ്ങളുടെ കുടുംബങ്ങളില്‍ അന്ന് ഭക്ഷണമുണ്ടാകും. എന്നാല്‍ കടലില്‍ പോകാനാകാത്ത ഇനിയുള്ള ദിവസങ്ങളില്‍ തങ്ങളെങ്ങനെ ജീവിക്കുമെന്നാണ് മരിയ പുഷ്പവും കടലമ്മയെ നോക്കി നെടുവീര്‍പ്പിടുന്നത്. അന്നന്ന് കടലില്‍ പോയി ലഭിക്കുന്നതാണ് തങ്ങളുടെ ജീവിതമെന്നും ഇവര്‍ പറയുന്നു. കടലില്‍ പോയി മരിച്ച് പോയവര്‍ക്ക് 20 ലക്ഷവും തിരികെയെത്തി പരിക്കേറ്റ് കിടക്കുന്നവര്‍ക്ക് 5 ലക്ഷവുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ ജീവിക്കുമെന്ന് വ്യക്തമല്ല.ഈ തുറകളില്‍ വിദ്യാഭ്യാസമുള്ള അനേകം പെണ്‍കുട്ടികളുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും പൂന്തുറയിലെ കുടിലുകളുടെ അവസ്ഥ മോശമായി വരികയാണ്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും