സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിവാഹശേഷവും സ്വന്തം മതത്തില്‍ തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ട്: സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

മറ്റൊരു മതത്തില്‍പെട്ടയാളെ വിവാഹം കഴിച്ചാലും സ്വന്തം മതത്തില്‍ തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സമുദായത്തിന് പുറത്തുനിന്ന് വിവാഹംകഴിക്കുന്ന സ്ത്രീക്ക് തങ്ങളുടെ മതപരമായ സ്വത്വമടക്കം നിലനിര്‍ത്താന്‍ അവകാശമുണ്ടെന്ന്  അഞ്ചംഗ ഭരണഘടനാബെഞ്ചാണ് നിരീക്ഷിച്ചത്. ഇതിന് ദമ്പതികള്‍ക്ക് അവസരംനല്‍കുന്ന നിയമപരമായ ബദലാണ് 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടെന്നും ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു. വിവാഹം കഴിക്കുകവഴി സ്ത്രീ സ്വയം പണയപ്പെടുത്തുകയല്ലെന്നും  കോടതി അഭിപ്രായപ്പെട്ടു.

മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് എന്ത് സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്പെഷ്യല്‍ മാര്യേജ് ആക്ട് നല്‍കുന്നുണ്ട്. ഒരു സ്ത്രീയുടെ മതപരമായ സ്വത്വം എടുത്തുകളയാന്‍ ആര്‍ക്കാണ് അവകാശം. സ്വത്വം ഉപേക്ഷിക്കാന്‍ ആ സ്ത്രീക്ക് മാത്രമാണ് അവകാശമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഹിന്ദുവിനെ വിവാഹം കഴിച്ചതിന്റെപേരില്‍ സമുദായത്തില്‍നിന്ന് പ്രാര്‍ഥനാവിലക്ക് നേരിടേണ്ടി വന്ന പാഴ്സി സ്ത്രീയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിനിരീക്ഷണം. 

മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ച് പേരുമാറ്റിയതുകൊണ്ട്സ്ത്രീ സ്വന്തം മതമോ വിശ്വാസമോ മാറ്റിയതായി കരുതേണ്ടതില്ല. വിവാഹശേഷം സ്ത്രീയുടെ മതപരമായ സ്വത്വം ഭര്‍ത്താവിന്റേതുമായി ലയിക്കുമെന്ന പൊതുചിന്താഗതിയോട് വിയോജിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ സ്വത്വത്തിനുമേല്‍ മതതത്വങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചതോടെ കേസില്‍ ഹര്‍ജിക്കാരിയായ ഗൂല്‍രോഖ് അദി കോണ്‍ട്രാക്ടര്‍ പാഴ്സിയല്ലാതായിമാറിയെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും