സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഫാത്തിമാബീവിയെന്ന അൽഭുത വിളക്ക്

ഡോ: കെ.ടി. ജലീൽ ( തദ്ദേശ വകുപ്പ് മന്ത്രി )

തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറി മാരുടെയും പ്ലാൻ റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കാനാണ് പത്തനംതിട്ടയിൽ എത്തിയത് . കേരളത്തിന്റെ ഇതിഹാസ വനിതയെന്നറിയപ്പെടുന്ന ജസ്റ്റിസ് ഫാത്തിമാബീവിയെ കാണണമെന്ന് തോന്നി . സമ്മതം കിട്ടിയപ്പോൾ പോയിക്കണ്ടു . മുമ്പ് ഏതോ ഒരു പൊതുചടങ്ങിൽ വെച്ച് കണ്ടതൊഴിച്ചാൽ അവരെ അടുത്ത് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല . അറിവും വിനയവും വേണ്ടതിലധികമുള്ള മഹാപ്രതിഭയാണവരെന്ന് ഒറ്റനോട്ടത്തിൽതന്നെ ആർക്കും | ബോദ്ധ്യമാകും .

പ്രായത്തെ തോൽപിക്കുന്ന ബുദ്ധികൂർമ്മതയുള്ള ഫാത്തിമാബീവി സ്വന്തം ജീവിതം എഴുതിവെക്കാൻ മറന്നു പോയെന്ന് പറയുമ്പോൾ എനിക്കൊട്ടും അതിശയം തോന്നിയില്ല . തന്റെ ജീവിതത്തെ അത്ര നിസ്സാരമായാണ് അവർ കണ്ടതെന്ന് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും . വലിയ മനുഷ്യർക്കുമാത്രം ലഭിക്കുന്ന മഹാസിദ്ധിയാണത് . അവരോടൊപ്പം ചെലവിട്ട നിമിഷങ്ങൾ അമൂല്ല്യമായിരുന്നു . പുതിയ തലമുറക്ക് അവരൊരു നല്ല പാഠപുസ്തകമാണ് . അവർ പിന്നിട്ട നാൾവഴികൾ ഇങ്ങനെ .

ഇന്ത്യയിലെ  പരമോന്നത നീതിപീഠത്തിന്റെ കാവൽക്കാരിയായി ശോഭിച്ച അപൂർവവ്യക്തിത്വമാണ് ജസ്റ്റിസ് എം. ഫാത്വിമാബീവി.  നവതിയുടെ നിറവിലും മാധ്യമബഹളങ്ങളിൽ നിന്നകന്ന് ലാളിത്യവും കുലീനതയും കൈവിടാതെ ഓരോ ദിനവും സാർത്ഥകമാക്കുകയാണ് ഈ മഹതി . പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ മറികടന്നാണ്  ഫാത്വിമ ബീവി ലോകത്തിലെ ആദ്യത്തെ മുസ്ലിം വനിതാ ന്യായാധിപ എന്ന പദവിയിൽ എത്തിച്ചേർന്നത് . രസതന്ത്രത്തിൽ റാങ്കോടു കൂടി ബിരുദം നേടിയ ശേഷമാണ് അവർ നിയമപഠനം ആരംഭിച്ചത്. ഒരു അധ്യാപികയായി ചുരുങ്ങുമായിരുന്ന അവരെ നിയമപഠനത്തിലേക്ക്  സ്വന്തം പിതാവ് തന്നെയാണ് ഗതിതിരിച്ചു വിട്ടത് .

യാഥാസ്ഥിതികരുടെ കടുത്ത  എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ്  അവര്‍ അഭിഭാഷക ജീവിതം ആരംഭിച്ചത് . പിന്നീട്  ആദ്യ മുസ്‌ലിം വനിതാ ഹൈക്കോടതി ജഡ്ജ് , ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ മെമ്പറായ പ്രഥമവനിത , സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ് , തുടങ്ങി നിരവധി പദവികളുടെ പൊൻതൂവലുകൾ അവരെ തേടിയെത്തി . 

1997-ല്‍ തമിഴ്‌നാട് ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ തമിഴ്‌നാട്ടിലെ ആദ്യ വനിതാ ഗവര്‍ണർ എന്ന സവിശേഷതയും അവർക്ക് സ്വന്തമായി.  ഈ സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതയും  ഫാത്വിമാബീവി  തന്നെ.

കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന മുസ്‌ലിം പെണ്‍കുട്ടി എങ്ങനെയാണ്   ഈ പദവികളിലേക്കെല്ലാം ഉയര്‍ന്നതെന്ന കാര്യം പഠനാർഹമാണ് . ഉത്തരവാദിത്വത്തോടുള്ള സമ്പൂർണ സമർപ്പണമല്ലാതെ  വിജയത്തിന് കുറുക്കു വഴികൾ ഇല്ലെന്ന സത്യമാണ് അവരുടെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നത് . 
താൻ എത്തിപ്പെട്ട മേഖലയോടുള്ള സീമാതീതമായ അർപ്പണ ബോധം കൊണ്ടാകാം അവർ വൈവാഹിക ജീവിതം പോലും വേണ്ടെന്നു വെച്ചത് .

പത്തനംതിട്ടയിലെ  അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജബീവിയുടെയും എട്ടുമക്കളില്‍ ഒന്നാമത്തവളായി 1927 ഏപ്രില്‍ 30 നാണ് ഫാത്തിമാബീവിയുടെ ജനനം .   രജിസ്‌ട്രേഷന്‍ വകുപ്പില്‍ ക്ലര്‍ക്കായിരുന്ന , പുരോഗമന ചിന്താഗതിക്കാരനായിരുന്ന പിതാവ് മീരാസാഹിബ്  സമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ വകവെക്കാതെയാണ്  മകൾക്ക് വിദ്യാഭ്യാസം നൽകാൻ ഉറച്ച തീരുമാനമെടുത്തത്. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ അവര്‍ കലാ-കായിക മത്സരങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. ബിരുദാനന്തരം പിതാവിന്റെ ദീർഘ വീക്ഷണമാണ് അവരെ 
തിരുവനന്തപുരം ലോ കോളേജിലെത്തിച്ചത്. നിയമ പഠനത്തിനു ശേഷം   ബാര്‍ കൗണ്‍സിലിന്റെ ഒരു വര്‍ഷത്തെ അപ്രന്റീസ് കോഴ്‌സ് ഒന്നാം റാങ്കോടെയാണ് അവർ  പാസായത്. തിരുവിതാംകൂര്‍ ബാര്‍ കൗണ്‍സില്‍ നിന്ന് അന്നവര്‍ക്ക് സ്വര്‍ണപ്പതക്കം സമ്മാനമായി ലഭിക്കുകയുണ്ടായി.

1950 ൽ തിരു-കൊച്ചി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി. കുഞ്ഞുരാമന്‍ മുമ്പാകെയായിരുന്നു എന്റോള്‍മെന്റ്.  
1958-ല്‍ മുന്‍സിഫ് സെലക്ഷന്‍ ആദ്യമായി മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഫാത്തിമാബീവി പരീക്ഷ എഴുതി യോഗ്യത നേടി . 1958 മെയ് മാസത്തിൽ തൃശൂര്‍ മുന്‍സിഫായി നിയമിതയായ അവർ , മുസ്‌ലിം സമുദായത്തിലെ ആദ്യത്തെ ജുഡീഷ്യല്‍ ഓഫീസറായി . തുടര്‍ന്ന് തിരുവനന്തപുരം, കരുനാഗപ്പള്ളി , മാവേലിക്കര , പുനലൂര്‍ എന്നിവിടങ്ങളില്‍ മുന്‍സിഫും മുന്‍സിഫ് മജിസ്‌ട്രേറ്റുമായി അവര്‍ സേവനമനുഷ്ഠിച്ചു .

1968 ലാണ് ബീവി കോട്ടയത്ത് സ്ബ്ജഡ്ജിയായി നിയമിക്കപ്പെട്ടത് . പിന്നീട് , എറണാകുളത്തും സബ്ജഡ്ജിയായി . 1972 ല്‍ കോട്ടയത്തും തുടർന്ന് പാലക്കാട്ടും ജില്ലാ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ചു . 1973 ല്‍ ഈ പദവി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി പുനര്‍നാമകരണം ചെയ്യപ്പെട്ടു . 1974 ല്‍ തിരുവനന്തപുരത്ത് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായി . കേന്ദ്ര ആദായ നികുതി അപ്പലെറ്റ് ട്രിബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി ഫാത്തിമാബീവി ദൽഹിയിലാണ് 1980 ജനുവരിയിൽ നിയമിക്കപ്പെട്ടത് . അതോടെ , ട്രിബ്യൂണലിലെ ആദ്യ ഇന്ത്യൻ വനിതാ അംഗം എന്ന സ്ഥാനം അവർക്ക് സ്വന്തമായി . പിന്നീട് എറണാകുളത്തും ഇതേ ഉത്തരവാദിത്തം നിര്‍വഹിച്ചു .

1983 മെയ് 14 നാണ് ജസ്റ്റിസ് ഫാത്തിമാബീവി കേരള ഹൈക്കോടതിയിലെ താല്‍ക്കാലിക ജഡ്ജായി നിയമിക്കപ്പെടുന്നത് .  അതേവര്‍ഷം ആഗസ്റ്റ് 4 ന് തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി . അന്നാചാണ്ടിക്കും പി. ജാനകിയമ്മക്കും ശേഷം ഹൈക്കോടതി ജഡ്ജിയായ മൂന്നാമത്തെ മലയാളി സഹോദരിയാണ് ഫാത്തിമാബീവി . അവർക്ക് ശേഷം ഇന്നോളം ഒരു മുസ്ലിം വനിതയും ആ പദവിയിൽ എത്തിയിട്ടില്ല .

ഹൈക്കോടതി ജഡ്ജായി സ്ഥാനമേറ്റെടുത്ത ഉടന്‍ കോടതിയില്‍ ഫാത്വിമാബീവി നടത്തിയ പ്രസംഗം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി .   എഴുതിത്തയാറാക്കാതെ നടത്തിയ ആ പ്രസംഗത്തിന്റെ സ്വാഭാവികതയും ശക്തിയും അവരെ അന്നു തന്നെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കിയിരുന്നു . 1989 ഏപ്രില്‍ 29 ന് ഹൈക്കോടതിയില്‍ നിന്ന് അവർ വിരമിച്ചു .

അഭിഭാഷകയില്‍ തുടങ്ങി , നീതിനിര്‍വഹണത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുവന്ന് , പ്രതിഭ തെളിയിച്ചാണ് ഫാത്തിമാബീവി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതീപീഠത്തിലെ ആദ്യ വനിതാ ജഡ്ജ് എന്ന ബഹുമതി സ്വന്തമാക്കിയത് . നീതി നിര്‍വഹണം ജീവിതവ്രതമായി സ്വീകരിച്ച അവരുടെ അര്‍ഹതക്കുള്ള അംഗീകാരമായിരുന്നു ആ സ്ഥാനലബ്ധി . ഏതാണ്ട് മൂന്ന് വര്‍ഷക്കാലം നീണ്ടുനിന്ന സേവനത്തിനുശേഷം 1992 ഏപ്രില്‍ 29-ന് അവര്‍ സുപ്രീംകോടതിയില്‍ നിന്നു റിട്ടയർചെയ്തു .
സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിൽ  ജസ്റ്റിസ് ഫാത്തിമാബീവി  അതീവ ശ്രദ്ധാലുവായിരുന്നു .  ഭരണഘടന , സ്ത്രീക്കും പുരുഷനും നല്‍കുന്ന തുല്യ പരിഗണന അവർ നിരന്തരം ചൂണ്ടിക്കാണിച്ചു . പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അര്‍ഹമായ സ്ഥാനം അപ്രാപ്യമല്ലെന്ന് അവർ സ്വജീവിതം കൊണ്ട് തെളിയിച്ചു . 
സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചശേഷം , ഏതാനും വര്‍ഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും ഫാത്വിമാബീവി പ്രവര്‍ത്തിക്കുകയുണ്ടായി. 

പിന്നീട് ലഭിച്ച തമിഴ്‌നാട് ഗവര്‍ണര്‍ പദവി വിവാദം നിറഞ്ഞ നാളുകളാണ്  ഫാത്തിമാബീവിക്ക് സമ്മാനിച്ചത് .  നിയമപരമായി  തനിക്ക് ശരിയെന്നു തോന്നിയ കാര്യത്തോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാവാത്തതുകൊണ്ട്  അവസാനം ബീവി ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.   

ജസ്റ്റിസ് ഫാത്തിമബീവിയുടെ ജീവിതത്തിൽ നിന്ന് പുതു തലമുക്ക് ഏറെ പഠിക്കാനുണ്ട് . ഹ്രസ്വമായ കൂടിക്കാഴ്ചക്ക് ശേഷം സലാം പറഞ്ഞ് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു . നവതി പിന്നിടുന്ന അവരുടെ വരും നാളുകളും സന്തോഷകരവും സമാധാനപൂർണ്ണവുമാകട്ടേ എന്ന് പ്രാർത്ഥിക്കാം .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും