സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പോരാട്ടം വിജയിച്ച് ദളിത് വൃദ്ധ

വിമെന്‍ പോയിന്‍റ് ടീം

വർഷങ്ങൾ നീണ്ടുനിന്ന പോരാട്ടങ്ങൾക്കൊടുവിൽ, പലിശക്കാരൻ തട്ടിയെടുത്ത തന്റെ ഭൂമി തിരിച്ചുകിട്ടുന്നതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിനി സരസ. നാട്ടിലെ പ്രമാണി പണം പലിശയ്ക്കു നൽകി ജനങ്ങളുടെ ഭൂമി തട്ടിയെടുക്കാറ‌ാണ് പതിവ്. 

10,000 രൂപ പലിശയ്ക്കു വാങ്ങിയ ഈ ദളിത് സ്ത്രീയുടെ പറമ്പ് തട്ടിയെടുത്തത് ബിജു ജോസിയാണ്. സരസയുടെ ആലപ്പുഴ കുരിയത്തോട് കാരങ്കാടുള്ള അഞ്ച് സെന്റ് സ്ഥലമാണ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ബിജു ജോസി തട്ടിയെടുത്തത്. വാങ്ങിയ തുകയുടെ പലിശയും മുതലുമായി ഒരു ലക്ഷത്തോളം രൂപയും വ്യാജരേഖകള്‍ ചമച്ച് സരസയുടെ സ്ഥലവും ഇയാൾ കൈവശപ്പെടുത്തുകയായിരുന്നു. വൃദ്ധയായ സരസ പരാതിയുമായി പല വാതിലുകള്‍ മുട്ടിയെങ്കിലും നേതാക്കളും പാര്‍ട്ടിയും മുതലാളിയായ പലിശക്കാരനൊപ്പമായിരുന്നു.

2003 ഡിസംബറില്‍ സഹോദരന്റെ മകനായ പ്രദീപിനു വേണ്ടിയാണ് സരസ നാട്ടിലെ പലിശക്കാരനായ ബിജു ജോസിയെ സമീപിച്ച് 10,000 രൂപ പലിശയ്ക്കു വാങ്ങിയത്. നല്‍കുന്ന പണത്തിന്റെ ഈടായി സരസയുടെ അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരം ഇയാള്‍ വാങ്ങിവച്ചിരുന്നു. കൂടാതെ ചില മുദ്രക്കടലാസുകളിലും സ്റ്റാമ്പ് പതിച്ച പ്രോമിസറി നോട്ടിലും സരസയുടെ ഒപ്പ് വാങ്ങി ബിജുജോസി സൂക്ഷിച്ചിരുന്നു. 10,000 രൂപയ്ക്ക് പ്രതിമാസം 15 ശതമാനം എന്ന നിലയില്‍ പ്രതിമാസം 1500 പലിശ നല്‍കണമെന്നതായിരുന്നു ബിജുവിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് കൂലിപണിക്കാരിയായ സരസ വളരെ ബുദ്ധിമുട്ടി എല്ലാ മാസവും ബിജുവിന് പലിശ എത്തിച്ചുകൊണ്ടിരുന്നു.

ഏതെങ്കിലും മാസം വൈകിയാല്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തുന്ന സ്വഭാവവും ബിജുവിനുണ്ടായിരുന്നതായി സരസ പറഞ്ഞു. ഒരിക്കല്‍ പലിശ വൈകിയതിന് റോഡില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തി. ബിജുവിന്റെ ഗുണ്ടകളെയും ഭീഷണിയെയും ഭയന്ന് തനിക്ക് അയൽവീടുകളിൽ താമസിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അയാൾക്കു കൊടുത്ത പൈസയ്ക്ക് യാതൊരു തെളിവുമില്ലെന്നും സരസ വ്യക്തമാക്കി. ‌

പലിശയ്ക്കു പുറമെ 30,000 രൂപ സരസ പല തവണകളായി നല്‍കിയിരുന്നു. എന്നാല്‍ അതും പലിശയിലേക്ക് വരവുവച്ചെന്നും 20,000 രൂപ കൂടി വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. നിര്‍വ്വാഹമില്ലാതെ 20,000 രൂപ കൂടി നല്‍കി ആധാരം ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചുവാങ്ങി. ഇതോടെ ഒരു വലിയ പ്രശ്‌നം ഒഴിവായ സന്തോഷത്തിലായിരുന്നു സരസയും മകളും.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സരസയുടെ മകള്‍ ലോണെടുക്കാനുള്ള ബാധ്യതാ സർട്ടിഫിക്കറ്റിനായി കുത്തിയതോട് സബ് രജിസ്ട്രാർ ഓഫീസിലേക്കു എത്തിയപ്പോഴായിരുന്നു തങ്ങള്‍ കബളിക്കപ്പെട്ട വിവരം അറിഞ്ഞത്. വീടും സ്ഥലവും ബിജുവിന്റെ പേരിലാണെന്നറിഞ്ഞ അവർ തകർന്നുപോയി.
പിന്നീട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ അന്വേഷിച്ചതോടെ ബിജു ജോസി മനഃപൂര്‍വ്വം ചതിച്ചതാണെന്ന് സരസയ്ക്കു ബോധ്യപ്പെട്ടു. വീണ്ടും ഇയാളെ സമീപിച്ചപ്പോള്‍ നിങ്ങള്‍ എനിക്ക് സ്ഥലം വിറ്റതാണെന്നും ഒരു ലക്ഷം രൂപ കൂടി തന്നാലേ തിരിച്ചു തരൂ എന്നുമായിരുന്നു മറുപടി.

തനിക്കെതിരെ പരാതിയുമായി പോവുകയോ നാട്ടിലുള്ളവരെ അറിയിക്കുകയോ ചെയ്താല്‍ ഗുണ്ടകളെ ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്നും രണ്ടു പേരും ജീവനോടെ ഉണ്ടാകില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി സരസ പറഞ്ഞു. തുടര്‍ന്ന് ചിലരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പട്ടികജാതി ഗോത്രവർഗ കമ്മീഷന് സരസു പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ഥലം സിഐ കെ സജീവൻ ബിജുവുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പറമ്പ് തിരിച്ച് സരസയ്ക്കു തന്നെ എഴുതിനൽകാമെന്ന് ഇയാൾ പറഞ്ഞെങ്കിലും ഇതുവരെ വാക്കു പാലിച്ചിട്ടില്ല. എങ്കിലും തന്റെ ഭൂമി തനിക്ക് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് സരസ.തനിക്ക് ആ ഭൂമി സരസ വർഷങ്ങൾക്ക് മുമ്പ് എഴുതി നല്കിയതാണെന്നും കോടതി നിയമങ്ങളനുസരിച്ചു താൻ അവർക്കു തിരിച്ചു എഴുതി നൽകാൻ തയ്യാറാണെന്നുമായിരുന്നു ബിജു ജോസിയുടെ പ്രതികരണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും