സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷ് പത്രിക വീണ്ടും പുറത്തിറങ്ങും

വിമെന്‍ പോയിന്‍റ് ടീം

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഉടമസ്ഥതയിലുള്ള ഗൗരി ലങ്കേഷ് പത്രിക വീണ്ടും ഇറക്കാന്‍ നീക്കം. ഗൗരിയുടെ വധത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഗൗരി ലങ്കേഷ് പത്രിക അവരുടെ സുഹൃത്തുക്കളാണ് പുറത്തിറക്കുന്നത്. ഗൗരി ലങ്കേഷിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പത്രികയുടെ നടത്തിപ്പിനുമായി ഒരു ട്രസ്റ്റ് രൂപീകരിക്കും.

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തുടങ്ങിയവര്‍ ട്രസ്റ്റില്‍ അംഗങ്ങളായിരിക്കും. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് ഗൗരി ലങ്കേഷിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഗൗരിയുടെ സുഹൃത്തുക്കള്‍ ബംഗളൂരുവില്‍ യോഗം ചേര്‍ന്നിരുന്നു. സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് ട്രസ്റ്റിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. അതേസമയം ഗൗരി ലങ്കേഷ് പത്രികയുടെ പേര് മാറ്റുന്ന കാര്യവും ചര്‍ച്ചയിലാണ്. ഗൗരി വധിക്കപ്പെട്ടതിന് ശേഷം രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന നാനു ഗൗരി(ഞാന്‍ ഗൗരി) എന്ന പേരാണ് പുതിയതായി ആലോചനയിലുള്ളത്.

രാജ്യത്തിനകത്തും പുറത്തും ഗൗരിയെ സ്‌നേഹിക്കുന്നവരില്‍ നിന്നും സംഭാവന പിരിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്. പത്രിക വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ തലത്തില്‍ പ്രചരണം നടത്തും. ഗൗരിയുടെ ജന്മദിനമായ ജനുവരി 29ന് ഗൗരി ലങ്കേഷ് പത്രികയുടെ അടുത്ത ലക്കം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വര്‍ഷവും മികച്ച നിര്‍ഭയ പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ഫെലോഷിപ്പും നല്‍കും. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിന് ശേഷം സെപ്തംബര്‍ 12നാണ് ഗൗരിയുടെ സ്മരണികയെന്ന നിലയില്‍ ഗൗരി ലങ്കേഷ് പത്രിക വീണ്ടും പുറത്തിറങ്ങിയത്.

ഗൗരി ലങ്കേഷിന്റെ പിതാവ് ലങ്കേഷ് 1980ല്‍ ആരംഭിച്ച ലങ്കേഷ് പത്രികയില്‍ നിന്നും രാജിവച്ചാണ് 2005ല്‍ ഗൗരി ഗൗരിലങ്കേഷ് പത്രിക ആരംഭിച്ചത്. പിതാവിന്റെ മരണത്തിന് ശേഷം സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഗൗരി പുതിയ പ്രസിദ്ധീകരണം ആരംഭിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും