സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആള്‍ദൈവം ജഗ്ഗി വാസുദേവിനെ വെല്ലുവിളിച്ച് ഒരു ആദിവാസി സ്ത്രീ

വിമെന്‍ പോയിന്‍റ് ടീം

കോയമ്പത്തൂരിലെ ഇരുള സമുദായാംഗമായ ആദിവാസി സ്ത്രീ മുത്തമ്മയ്ക്ക് അമ്പത് വയസില്‍ താഴെ മാത്രമേ പ്രായമുള്ളെങ്കിലും കുട്ടിക്കാലം മുതല്‍ അവര്‍ ഉപജീവനാര്‍ത്ഥം ചെയ്യുന്ന കഠിനജോലികള്‍ ആ മുഖത്ത് വടുക്കള്‍ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ അവരുടെ ശബ്ദത്തില്‍ അസാമാന്യമായ ഇച്ഛാശക്തിയും ഉറച്ച ഊര്‍ജ്ജവുമാണ്. തമിഴ്‌നാട് ജനാധിപത്യ മഹിള അസോസിയേഷന്റെ 15-ാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് മുത്തമ്മ ആദരിക്കപ്പെട്ടു.

കോയമ്പത്തൂരിന്റെ പരിസരപ്രദേശത്തുള്ള കുന്നിന്‍പുറങ്ങളിലെ വനത്തിന് നടുവിലായിരുന്നു മുത്തമ്മയും ഭര്‍ത്താവും താമസിച്ചിരുന്നത്. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരും ഭര്‍ത്താവും, ആ പ്രദേശത്ത് ആരംഭിച്ച ഒരു യോഗ ആശ്രമത്തില്‍ ദിവസക്കൂലിക്കാരായി ജോലിക്ക് പോകാന്‍ തുടങ്ങി. ദൈനംദിനം ജോലി കിട്ടുന്നവര്‍ക്ക്് പ്രതിദിനം 130 മുതല്‍ 150 രൂപ വരെയും, വല്ലപ്പോഴും ജോലിക്ക് പോകുന്നവര്‍ക്ക് 250 മുതല്‍ 300 രൂപ വരെയുമായിരുന്നു ആശ്രമത്തില്‍ നിന്നും ലഭിക്കുന്ന വേതനം. പത്തുവര്‍ഷം മുമ്പ് ഒരു എന്‍ജിഒ ആരംഭിച്ച സ്വയം സഹായ സംഘത്തില്‍ അംഗമായതോടെ മുത്തമ്മ ആശ്രമത്തിലെ ജോലി ഉപേക്ഷിച്ചു.

സ്വയം സഹായ സംഘത്തിലെ അംഗമെന്ന നിലയില്‍ കാട്ടില്‍ കയറി മരുന്നുചെടികളും ഭക്ഷ്യയോഗ്യമായ വസ്തുക്കളും ശേഖരിക്കുകയായിരുന്നു മുത്തമ്മയുടെയും കൂട്ടരുടെയും ജോലി. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ചൂണ്ടിക്കാട്ടി അധികാരികള്‍ രംഗത്തെത്തിയതോടെ സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതേ സമയത്ത് തന്നെ ആശ്രമം അധികാരികള്‍ പ്രദേശത്ത് വേലി കെട്ടുകയും മറ്റുള്ളവര്‍ വനത്തിലേക്ക് പ്രവേശിക്കുന്ന പാത അടയ്ക്കുകയും ചെയ്തു. മുത്തമ്മയും കൂട്ടരും ആശ്രമത്തിലെത്തി മൂന്നടി വഴി വിട്ട് കാട് കെട്ടിയടയ്ക്കണം എന്ന് അപേക്ഷിച്ചെങ്കിലും ആശ്രമം അധികാരികള്‍ അത് നിഷേധിച്ചു.

ഇതിനെ തുടര്‍ന്ന് വനത്തില്‍ പ്രവേശിക്കുന്നതിന് സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടി വന്നു. എന്നാല്‍ സംഘത്തിലെ അംഗങ്ങള്‍ നിയമവിരുദ്ധമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി അധികാരികള്‍ വീണ്ടും രംഗത്തെത്തി.ഭൂദാന പ്രക്ഷോഭ കാലത്ത് പ്രദേശത്തെ ഒരു ഭൂവുടമയായിരുന്ന മുത്തുസ്വാമി ഗൗണ്ടര്‍ തന്റെ 44 ഏക്കര്‍ ഭൂമി 13 ആദിവാസി കുടുംബങ്ങള്‍ക്ക് ദാനം നല്‍കിയ കാര്യം മുത്തമ്മ ഓര്‍ത്തെടുത്തു. 1988ല്‍ ഈ ഭൂമിക്ക് പട്ടയം അനുവദിച്ചിരുന്നെങ്കിലും യഥാര്‍ത്ഥ അധികാരം കൈമാറിയിരുന്നില്ല. ഈ ഭൂമി ലഭ്യമായ 13 ആദിവാസികളില്‍ ഒരാള്‍ മുത്തമ്മയുടെ ഭര്‍തൃപിതാവായിരുന്നു. നിരക്ഷരതയും ദരിദ്രമായ ജീവിതാവസ്ഥകളും മൂലം ഈ ഭൂമിയുടെ പട്ടയം ലഭിച്ചിരുന്നുവെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല, എന്നു മാത്രമല്ല ആ ഭൂമിക്ക് മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാനും അവര്‍ ശ്രമിച്ചില്ല.

2012ല്‍ ഒരു സുഹൃത്ത് ആദിവാസി അവകാശ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുത്തമ്മയെ തിരുവണ്ണാമലയിലേക്ക് കൊണ്ടുപോയതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തങ്ങള്‍ക്ക് പരമ്പരയായി കിട്ടിയ കടാലാസ് കഷ്ണത്തിന് ചില ഉപയോഗങ്ങള്‍ ഉണ്ടെന്ന് മുത്തമ്മ തിരിച്ചറിഞ്ഞത് അവിടെ വച്ചാണ്. 

മുത്തമ്മയുടേത് പോലെയുള്ള 200 ആദിവാസി കുടുംബങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടിരുന്ന ആ ഭൂമിക്ക് വേണ്ടിയുള്ള വലിയൊരു സമരം അവിടെ ആരംഭിക്കുകയായിരുന്നു. പ്രദേശത്തുള്ള ഏകദേശം 200 കുടുംബങ്ങളുടെ പിന്തുണയോടെ മുത്തമ്മയും പുതുതായി സമരരംഗത്തിറങ്ങിയ കൂട്ടാളികളും ചേര്‍ന്ന് വിവരാവകാശരേഖ ആവശ്യപ്പെടുകയും 44 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് വീടുവെക്കാനുള്ള ഭൂമി ലഭ്യമാക്കണമെന്ന ആവശ്യവുമായി സംഘം ജില്ല ഭരണാധികാരികളെ സമീപിച്ചു.

പരാതിയില്‍ നടപടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മുത്തമ്മയും മറ്റ് ആദിവാസി അവകാശപ്രവര്‍ത്തകരും ജനാധിപത്യ മഹിള അസോസിയേഷന്‍, ദളിത് സംഘടനകള്‍, സിപിഎം, പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ഈ 44 ഏക്കര്‍ ഭൂമിക്ക് വേണ്ടി പരസ്യ സമരവുമായി രംഗത്തിറങ്ങി.

കോയമ്പത്തൂരിലും പരിസരത്തുമുള്ള മനുഷ്യസ്‌നേഹികള്‍ പിരിച്ചെടുക്കുന്ന അരിയാണ് മുത്തമ്മയുടെയും മറ്റ് ആദിവാസി കുടുംബങ്ങളുടെയും ഏക ഉപജീവന മാര്‍ഗ്ഗം. സ്വന്തം ഭൂമിക്ക് വേണ്ടിയിട്ടുള്ള ഈ സമരം തീരുന്നതുവരെ അതുകൊണ്ട് ജീവിക്കാന്‍ അവര്‍ തയ്യാറാമാണ്. സ്വന്തം കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘അവരെ കുറിച്ച് ആലോചിച്ചാല്‍, എന്റെ ജനങ്ങളെ കുറിച്ച് ആലോചിക്കാന്‍ പറ്റില്ല’ എന്ന ഉറച്ച മറുപടിയായിരുന്നു മുത്തമ്മയില്‍ നിന്നും വന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും