സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ നാടുകടത്തി ആള്‍ക്കൂട്ടം!!!

വിമെന്‍ പോയിന്‍റ് ടീം

കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നാട്ടുകാര്‍ ചേര്‍ന്ന് നാട്ടില്‍ നിന്ന് ഓടിച്ചു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ ‘വഴിപിഴച്ച’ സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടാണ് മരണം നടന്നതിന്റെ പിറ്റേന്ന് ഇവരെ നാട്ടില്‍ നിന്ന് പുറത്താക്കിയത്. കുട്ടിയുടെ അമ്മ, അമ്മയുടെ സഹോദരി, ആ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ മറ്റൊരു സ്ത്രീ, അമ്മയുടെ അമ്മയും അച്ഛനുമടക്കം എല്ലാവരും നാട് വിട്ടുപോവാന്‍ നിര്‍ബന്ധിതരായി. കുട്ടി മരിച്ചത് മുതല്‍ രോഷാകുലരായ നാട്ടുകാര്‍ ഈ കുടുംബത്തിനെതിരെ തിരിഞ്ഞിരിക്കുകയായിരുന്നു. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നെന്നും, വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണം.

കുറവസമുദായത്തില്‍ പെട്ട ഏരൂര്‍ സ്വദേശികളെയാണ് തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ഒരു നാടൊന്നാകെ ചേര്‍ന്ന് നാട്ടില്‍ നിന്ന് പുറത്താക്കിയത്. കുട്ടി മരിച്ച അന്നു മുതല്‍ നാട്ടുകാര്‍ കുടുംബത്തിനെതിരേ വ്യാപക പ്രചരണം തുടങ്ങിയിരുന്നു. കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി കാലങ്ങളായി അകന്നു കഴിയുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കുട്ടിയെ സംസ്‌കരിക്കാനായില്ല. പിന്നീട് മൂന്ന് കിലോമീറ്റര്‍ മാറി പാണയം കച്ചിട്ടയിലുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. വെള്ളിയാഴ്ച വനിത കമ്മിഷന്‍ അംഗങ്ങള്‍ കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും അമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മിഷന്റെ മുന്നില്‍ വച്ച് തന്നെ ഈ സ്ത്രീകള്‍ വഴിപിഴച്ചവരാണെന്നും അവര്‍ക്ക് ജോലി കൊടുക്കരുതെന്നുമുള്ള വാദങ്ങളുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് കുടുംബത്തിനെതിരെയുള്ള ആക്രമണം ശക്തമാവുകയും അവരെ നാടുവിടാന്‍ നാട്ടുകാര്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ഗത്യന്തരമില്ലാതെ അവര്‍ സ്വന്തം വീടുപേക്ഷിച്ച് കിളിമാനൂരിലെ ബന്ധുവീട്ടില്‍ അഭയം തേടി. പോലീസ് സംരക്ഷണയോടെയാണ് കുടുംബാംഗങ്ങള്‍ വീടും നാടും വിട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും