സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ ബറ്റാലിയന്‍ ഇനി കളര്‍ഫുള്‍ യൂണിഫോം !

വിമെന്‍പോയിന്‍റ് ടീം

വനിതാ ബറ്റാലിയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍  രംഗത്തിറങ്ങുക വിദേശ പൊലീസിനെ വെല്ലുംവിധം ഏറെ ചന്തമുള്ള യൂണിഫോം അണിഞ്ഞ്. കാക്കി ഷര്‍ട്ടില്‍ നീല റിബ്ബും ഷോള്‍ഡര്‍ ഫ്ളാപ്പും നീല ബെല്‍റ്റും എല്ലാമാകുമ്പോള്‍ കളര്‍ഫുളാണ് പുതിയ യൂണിഫോം. പിറകില്‍ മാത്രമല്ല, കാല്‍മുട്ടിന്റെ ഭാഗത്തും ബോക്സ് കീശകളുള്ള കാക്കി പാന്റ്സ്. പരമ്പരാഗത കറുത്ത ഷൂസും നീല തൊപ്പിക്കും പകരം കറുത്ത ഡിഎം ബൂട്ടും കാക്കി നിറത്തിലുള്ള ഫീല്‍ഡ് തൊപ്പിയും. കാഴ്ചയില്‍ വിദേശ പൊലീസിനെ ഓര്‍മിപ്പിക്കും. കേരള പൊലീസിന്റെ മുഖഛായ മാറ്റുന്ന പുതിയ യൂണിഫോമിന്റെ രൂപരേഖ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ പുറത്തിറക്കി.

നിലവില്‍ പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമാന യൂണിഫോമാണുള്ളത്. എന്നാല്‍, ബറ്റാലിയനുകളിലെ യൂണിഫോമിലാണ് ചെറിയ മാറ്റം. കറുപ്പ് ബെല്‍റ്റിനു പകരം വെള്ള ബെല്‍റ്റ്. ഇവരുടെ തൊപ്പിയില്‍ മഞ്ഞ വരയുണ്ടാകില്ല. അതേസമയം, ഐആര്‍ ബറ്റാലിയന്‍, ആര്‍ആര്‍ആര്‍എഫ് എന്നിവയുടെ യൂണിഫോം ഏറെ വ്യത്യസ്തമാണ്. ഇതിനു സമാനമായാണ് വനിതാ ബറ്റാലിയന്റെ യൂണിഫോം. വര്‍ക്കിങ് യൂണിഫോം, ഇന്‍ഡോര്‍ യൂണിഫോം, ഔട്ഡോര്‍ യൂണിഫോം എന്നിങ്ങനെ മൂന്നു തരം യൂണിഫോം തയ്യാറാക്കി.

സാധാരണ ഡ്യൂട്ടി സമയത്ത് ഉപയോഗിക്കുന്നതാണ് വര്‍ക്കിങ് യൂണിഫോം. ഇതിന്റെ പൊതുനിറം കാക്കിയാണ്. അരക്കൈയുള്ള കാക്കി ഷര്‍ട്ടിന്റെ കൈയുടെ അവസാനഭാഗത്തുള്ള നീലനിറം റിബ്ബ് ആകര്‍ഷകമാകും. റിബ്ബില്‍ കാക്കി നിറത്തിലുള്ള ലൂപുമുണ്ടാകും. ഷോള്‍ഡറിലെ ഫ്ളാപ്പിന്റെ നിറം നീലയാണ്. ഇതില്‍ വുമണ്‍ പൊലീസ് ബറ്റാലിയന്റെ ചുരുക്കമായ 'ഡബ്ള്യുപിബി' എന്ന അക്ഷരം വെള്ളക്കളറില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ചുറ്റും മെറൂണ്‍ കളര്‍ ബോര്‍ഡറുണ്ട്. രണ്ട് കൈയിലും കേരള പൊലീസ് എന്ന ബാഡ്ജും ഇടതു കൈയില്‍ ആര്‍ച്ച് രൂപത്തില്‍ നീലനിറത്തില്‍ മെറൂണ്‍ കളര്‍ ബോര്‍ഡറില്‍ വുമണ്‍ പൊലീസ് ബറ്റാലിയന്‍ എന്നെഴുതിയ ബാഡ്ജുമുണ്ടാകും.

പിറകിലും താഴെ മുട്ടിന്റെ ഭാഗത്തും ബോക്സ് പോക്കറ്റുകളാണ് പാന്റസിന്റെ ആകര്‍ഷണം. കാര്‍ഗോ മോഡലിലുള്ള രണ്ടു വീതം ബോക്സ് പോക്കറ്റുണ്ട്. ബെല്‍റ്റിനാകട്ടെ നീല കളറാണ്. സില്‍വര്‍ കളര്‍ ബക്കിളിന്റെ മധ്യത്തില്‍ യൂണിറ്റ് എംബ്ളമുണ്ട്. കാക്കി നിറത്തിലുള്ള ഫീല്‍ഡ് തൊപ്പിയുടെ മധ്യത്തില്‍ നീല നിറത്തില്‍ എംബ്ളമുണ്ട്. ഡിഎം ബൂട്ട് ഏത് സാഹസിക പ്രവര്‍ത്തനത്തിനും ഉപയോഗിക്കാം. കറുത്ത പോളോ ടൈപ്പ് ടീഷര്‍ട്ടും കാര്‍ഗോ മോഡല്‍ പാന്റ്സുമാണ് ഇന്‍ഡോര്‍ യൂണിഫോം. കറുത്ത ബെല്‍റ്റും സാധാരണ കറുത്ത ഷൂസുമാണ് ധരിക്കേണ്ടത്. കറുപ്പും ഗ്രേയും ചേര്‍ന്ന ടീഷര്‍ട്ടും കറുത്ത ട്രാക്ക് പാന്റ്സും വെള്ള ഷൂസുമാണ് ഔട്ഡോര്‍ വേഷം.
ആദ്യമായി രൂപീകരിച്ച വനിതാ പൊലീസ് ബറ്റാലിയന്റെ യൂണിഫോം വേറിട്ടതാകണമെന്ന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ യൂണിഫോം തയ്യാറാക്കിയത്. കമാന്‍ഡന്റ് ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലാണ് ഇവ തയ്യാറാക്കിയത്. ബറ്റാലിയനിലെ ഹവില്‍ദാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ വരെയുള്ളവരാണ് ഈ യൂണിഫോം ധരിക്കുക.


Read more: http://www.deshabhimani.com/news/kerala/news-kerala-20-09-2017/672195


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും