സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഈ അമ്മമാര്‍ സമരപ്പന്തലില്‍ കാവലിരിക്കുകയാണ്!!

വിമെന്‍പോയിന്‍റ് ടീം

വയനാട് മാനന്തവാടിയിലെ ബിവറേജ് ഔട്ട് ലെറ്റിനെതിരെ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം 610 ദിവസം പിന്നിടുകയാണ്. മാനന്തവാടി താലൂക്കിലെ വള്ളിക്കൂര്‍കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിനു മുന്‍പിലാണ് ഇവരുടെ സമരം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശീയ ജനതയുടെ ഐക്യരാഷ്ട്ര അവകാശ പ്രഖ്യാപനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ തകൃതിയായി നടക്കുമ്പോഴും ഇവരുടെ സമരം ഒരുതരം സാമൂഹിക ചര്‍ച്ചയ്ക്കും സാധ്യത നല്‍കാത്ത വിധത്തില്‍ അവഗണിക്കുകയാണ്. പലയിടത്തും മദ്യഷാപ്പുകള്‍ ജനാവാസ പ്രദേശങ്ങളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്; അവയെല്ലാം മിക്കതും മാറ്റപ്പെടുകയും ചെയ്തു. അവിടെ സമരം ചെയ്യുന്നത് സര്‍ക്കാരില്‍ നേരിട്ടിടപെടുന്ന പൊതുസമൂഹത്തിന്റെ പ്രതിനിധികളാണ്. എന്നാല്‍ ഇവിടെ സമരരംഗത്തുള്ളത് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ പോലും ഔദാര്യമായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ആദിവാസികളാണ്.

2016- ജനുവരി 26നാണ് ബിവറേജസ് ഔട്ട്ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സമരമാരംഭിച്ചത്. തുടക്കത്തത്തില്‍ ആവേശകരമായ പിന്തുണയായിരുന്നു സമരത്തിന്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, വിവിധ മദ്യവിരുദ്ധ സംഘടനകള്‍, സംസ്‌കാരിക സംഘടനകള്‍ മതസംഘടനകള്‍ ഇവയുടെ സഹായ സഹകരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് പടിപടിയായി ഇല്ലാതായി. ഈ ആദിവാസി അമ്മമാരുടെ സമരത്തെ പരിഹസിക്കുകയും വ്യാജ പരാതികള്‍ ഉന്നയിക്കുകയും ചെയ്യുന്ന പൊതു സമൂഹത്തെയാണ് പിന്നീട് കാണുന്നത്. ഇതോടെ വലിയൊരു വിഭാഗം സമരത്തില്‍ നിന്ന് പിന്‍മാറി. 2016 ആഗസ്റ്റ് 11ന് ജില്ല കലക്ടര്‍ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ഉത്തരവിട്ടെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ പരാതിയില്‍ 2017 ഏപ്രില്‍ 3 ന് സമരക്കാരുടെ ഉപരോധസമരത്തിനു നേരേ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്ത് റിമാന്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഔട്ട്ലെറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ സമരം ഏപ്രില്‍ 17 മുതല്‍ സബ്ബ് കലക്ടര്‍ ഓഫീസിനു മുന്നിലേക്ക് മാറ്റുകയായിരുന്നു.മാനന്തവാടി സബ്കളക്ടര്‍ ആഫീസിന് മുന്നില്‍ തിരക്കൊഴിയാത്ത റോഡിന് ഓരം ചേര്‍ന്ന് കഷ്ടിച്ച് മുന്ന് പേര്‍ക്കിരിക്കാന്‍ മാത്രം സൗകര്യമുള്ള പ്ലാസ്റ്റിക്ക് ഷീറ്റിനുള്ളില്‍ ആദിവാസി വീട്ടമ്മമാരായ വെള്ളസോമനും മക്കമ്മയും സമരത്തിലാണ്. 

. രാവിലെ വീട്ടില്‍ നിന്നും കഴിക്കുന്ന ഭക്ഷണത്തിന് പുറമെ വൈകുന്നേരത്തിനിടെ ആരെങ്കിലും അഭ്യുയകാംക്ഷികള്‍ കനിവ് കാട്ടിയാല്‍ മാത്രമാണ് ഇവര്‍ ചായ പോലും കഴിക്കുന്നത്. നേരത്തെ ബീവറേജസ് ഔട്ലറ്റിന് മുന്നിലെ പന്തലില്‍ സമരം നടത്തുമ്പോള്‍ വീട്ടില്‍ നിന്നും അരിയുമായെത്തി കഞ്ഞി വെച്ച് കഴിക്കുകയായിരുന്നു പതിവ്. എന്നാല്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കനത്ത വകുപ്പുകളെ തുടര്‍ന്ന് റിമാന്റിലായ വീട്ടമ്മമാര്‍ക്ക് പ്രദേശത്ത് കടക്കരുതെന്ന വ്യവസ്ഥയോടെ ജാമ്യം ലഭിച്ചപ്പോള്‍ സമരപ്പന്തലില്‍ പോകാന്‍ കഴിയാത്ത അവസ്ഥ വന്നെത്തുകയായിരുന്നു. കമല വെള്ളമുണ്ട, ചിട്ടാങ്കി, ജോച്ചി, സുശീല തുടങ്ങിയ ആദിവാസി വീട്ടമ്മമാരും ഇപ്പോള്‍ സമരരംഗത്തുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും