സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പെണ്‍സുന്നത്ത് കേരളത്തിലും വ്യാപകമാകുന്നു

വിമെന്‍പോയിന്‍റ് ടീം

പെൺസുന്നത്ത് അഥവാ ചേലാകര്‍മം (Female Genital Cutting-FGC) കേരളത്തിലെ ചില ഭാഗങ്ങളില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ പെൺകുട്ടികളുടെ ചേലാകർമ്മം ഇന്ന് വരെ  ദാവൂദി ബോഹ്‌റാ വിഭാഗക്കാരുടെ ഇടയിലും മറ്റു ചെറു ബോഹ്‌റാ വിഭാഗങ്ങളുടെയും ഇടയിൽ മാത്രമാണ് ആചരിച്ചു വരുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത് എങ്കിലും കേരളത്തിലെ മറ്റു ചില ഇസ്‌ലാമിക വിഭാഗങ്ങളുടെ ഇടയിലും, ഇത് നടത്തുന്നതായി സൂചന ലഭിക്കുകയുണ്ടായി എന്നാണ് സഹിയോ എന്ന സന്നദ്ധ സംഘടന ഈയടുത്ത് നടത്തിയ ചില അന്വേഷണങ്ങളെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തെളിയിക്കുന്നത്. സ്ത്രീ ചേലാകർമ്മം, പെൺസുന്നത്ത്, ഖാറ്റ്നാ എന്നിങ്ങനെയുള്ള FGC ആചാരങ്ങൾ ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് തുടച്ചുനീക്കാൻ പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് സഹിയോ. ആരിഫാ ജോഹരി, ആയിഷ മഹ്മൂദ് എന്നിവരാണ് സഹിയോക്കു വേണ്ടി പഠനം നടത്തിയത്.കോഴിക്കോടുള്ള ചില സുന്നത്ത് ക്ളിനിക്കുകളിലാണ് ഇത് വ്യാപകമായി നടത്തപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട് .

ഫെബ്രുവരിയിൽ നടത്തിയ ഒരു അണ്ടർകവർ അന്വേഷണത്തിൽ, സഹിയോയുടെ പ്രവർത്തകർ, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കിൽ പെൺചേലാകർമ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടർമാരെ പരിചയപ്പെടുകയുണ്ടായിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ചേലാകര്‍മ്മം അവരുടെ ക്ലിനിക്കിൽ സ്ഥിരമായി നടക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടെന്നും അവരുടെ വാദമനുസരിച്ച് കേരളത്തിന്റ പല ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെൺമക്കളെയും മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടെന്ന് അവർ പറയുന്നു.പെൺസുന്നത്തിന് സ്ത്രീകളുടെ യോനീഛദത്തിന്റെ (clitoris) അറ്റത്തുള്ള തോല് നീക്കുകയാണ് ചെയ്യുക. ഇത് clitoral hood എന്നാണ് അറിയപ്പെടുന്നത്.എന്നാല്‍,  ചേലാകർമ്മം ലോകാരോഗ്യസംഘടനയുടെ (WHO) Female Genital Mutilation / Cutting (FGM/ C) എന്ന നിർവചനത്തിൽപെടുന്നതാണെന്നും ഇത് മനുഷ്യാവകാശങ്ങൾ ഹനിക്കുകയും സ്ത്രീകൾക്ക് എതിരായുള്ള വിവേചനപൂർണ്ണനടപടിയായി അംഗീകരിക്കപ്പെട്ടതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ പെൺസുന്നത്ത് കൊണ്ട് യാതൊരു വിധത്തിലുമുള്ള നേട്ടവുമില്ല എന്ന് മാത്രമല്ല അത് ദോഷകരമാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. ടൈപ്പ് വൺ FGM/ C-യുടെ ദൂഷ്യഫലങ്ങൾ വേദന, രക്തംപോക്ക്, മൂത്രാശയ അണുബാധ, യോനീകോശങ്ങൾക്കു  സംഭവിക്കാവുന്ന പരിക്ക്, ലൈംഗികപ്രശ്നങ്ങൾ, മാനസികമായ ആഘാതങ്ങൾ എന്നിവ WHO  രേഖപെടുത്തുന്നുണ്ട്. യോനിയുടെയും മൂത്രനാളത്തിന്റെയും ഇടയിലുള്ള യോനീച്ഛദം അഥവാ ക്ലിറ്റോറിസ് അതിവൈകാരികമായ നാഡികോശങ്ങളാൽ സമ്പന്നമായ ഒരു അവയവഭാഗമാണ്. അതിന്റെ ഏകലക്ഷ്യം സ്ത്രീകളുടെ ലൈംഗികാനന്ദം മാത്രമാണ്.ലോകത്തെ 41 രാജ്യങ്ങളിൽ പെൺചേലാകർമ്മം നിയമവിരുദ്ധമാണ് – ഇതിൽ ഈജിപ്തും ചില ആഫ്രിക്കൻ രാജ്യങ്ങളും ഉൾപെടും. എന്നാല്‍ ഇന്ത്യയിൽ ഇതിനെതിരെ നിലവിൽ ഒരു നിയമങ്ങളും ഇല്ല; എന്നാൽ ഒരു അഭിഭാഷകന്‍ ഇതിനെതിരായി സമർപ്പിച്ച പൊതുതാല്പര്യഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണയിലുണ്ട്. കഴിഞ്ഞ മെയ് എട്ടാം തീയതി സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും നാല് സംസ്ഥാന സർക്കാരുകളോടും ഈ പൊതുതാല്പര്യ ഹർജിയില്‍ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ, ശിശുവികസനമന്ത്രാലയം ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും Protection of Children from Sexual Offence  അഥവാ POSCOയുടെയും കീഴിൽ സ്ത്രീചേലാകർമ്മം സ്വയമേവ നിയമവിരുദ്ധമായി തീരും എന്ന് പ്രസ്താവിച്ചിട്ടുമുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും