സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അവര്‍ക്കു വേണ്ടത് പെണ്ണും പണവും മാത്രമാണ്: ഐഎസില്‍ ചേര്‍ന്ന പതിനേഴുകാരിയുടെ വെളിപ്പെടുത്തല്‍

വിമെന്‍പോയിന്‍റ് ടീം

ഇസ്ലാമിക രീതിയില്‍ ജീവിക്കുകയാണെങ്കില്‍ ഐഎസിനു കീഴില്‍ ജീവിക്കണമെന്ന പ്രലോഭനത്തില്‍ വീണ താനും കുടുംബവും അനുഭവിച്ച നരക യാതനകള്‍ വെളിപ്പെടുത്ത പതിനേഴുകാരി രംഗത്ത്. നൂര്‍ എന്നു വിളിപ്പേരുള്ള ഇന്തൊനീഷ്യന്‍ പെണ്‍കുട്ടിയാണ് സിറിയയിലെ ആ ദിനരാത്രങ്ങളെ ഒരു ദുസ്വപ്നം പോലെ ഓര്‍ത്തെടുക്കുന്നത്. 

ഇസ്ലാമിക രീതിയില്‍ ജീവിക്കുകയാണെങ്കില്‍ ഐഎസിനു കീഴില്‍ ജീവിക്കണമെന്ന പ്രലോഭനത്തിലാണ് ഇന്തൊനീഷ്യന്‍ പെണ്‍കുട്ടി കുടുംബാംഗങ്ങളുമൊത്ത് സിറിയയിലെത്തിയത്. സമൂഹമാധ്യമങ്ങളിലും മറ്റും തേനും പാലുമൊഴുകുന്ന ദേശമായാണ് ഐഎസ് അധീന പ്രദേശങ്ങളെ ഭീകരസംഘടന ചിത്രീകരിച്ചിരുന്നത്. ഈ സ്വാധീനമാണ് നുര്‍ശര്‍ഡ്രിന ഖൈറാധാനിയയെ (നൂര്‍) പ്രലോഭിപ്പിച്ചത്. മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും നിര്‍ബന്ധിപ്പിച്ച് എല്ലാവരും സിറിയയിലെത്തി.പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തുടങ്ങി യഥാര്‍ഥ ഇസ്ലാമിക രീതിയില്‍ ജീവിക്കാനുള്ള അവസരം കൂടിയാണു സമൂഹമാധ്യമങ്ങളില്‍നിന്ന് ഐഎസ് ഭരണത്തെക്കുറിച്ച് അവര്‍ക്കു ലഭിച്ചത്.

എന്നാല്‍ സന്തുഷ്ട ജീവിതമെന്ന സ്വപ്നങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാകാന്‍ അധികസമയം വേണ്ടിവന്നില്ല. യുവതികളെയെല്ലാം ഐഎസ് ഭീകരര്‍ക്കു വിവാഹം ചെയ്തുകൊടുത്തു. അന്യായവും ക്രൂരതയും അവസാനിച്ചില്ല. ആരോഗ്യവും ബലിഷ്ഠാകാരവുമുള്ള പുരുഷന്‍മാരെ യുദ്ധമുഖത്തേക്ക് അയച്ചു, രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസിനോട് നൂര്‍ വെളിപ്പെടുത്തി. ഇന്ന് 19 വയസ്സാണ് നൂറിന്. 17 വയസ്സുള്ളപ്പോഴാണ് ഇന്തൊനീഷ്യയില്‍നിന്ന് നൂര്‍ കുടുംബത്തോടൊപ്പം സിറിയയില്‍ എത്തിയത്. ഐഎസില്‍ എത്തിയതിനു പിന്നാലെതന്നെ നൂറിനു മുത്തശ്ശിയെ നഷ്ടപ്പെട്ടു. വ്യോമാക്രമണത്തില്‍ ഒരു ബന്ധുവിനെയും.

നല്ല കാര്യങ്ങള്‍ മാത്രമേ ഐഎസ് ഇന്റര്‍നെറ്റില്‍ പങ്കുവച്ചിരുന്നുള്ളൂവെന്നു നൂര്‍ വെളിപ്പെടുത്തി. 2014ല്‍ സിറിയയിലും ഇറാഖിലും വെട്ടിപ്പിടിച്ച പ്രദേശത്തു ഖിലാഫത്ത് സ്ഥാപിച്ചതോടെയാണു നൂര്‍ ഐഎസിനെ ശ്രദ്ധിച്ചുതുടങ്ങുന്നത്. ഇരുപത്തൊന്നുകാരിയായ സഹോദരിക്കു സൗജന്യമായി കംപ്യൂട്ടര്‍ വിദ്യാഭ്യാസം നേടാനാകും, വിവാഹമോചിതയായ ബന്ധു, ഡിഫാന്‍സ റാച്ച്മാനിക്കും (32) മൂന്നു കുട്ടികള്‍ക്കും സൗജന്യമായി ആരോഗ്യ പരിരക്ഷ ലഭിക്കും, ജക്കാര്‍ത്തയില്‍ കച്ചവടത്തില്‍ പണം നഷ്ടപ്പെട്ട ബന്ധുവിന്റെ കടമെല്ലാം വീട്ടും, സിറിയയിലെ റാഖ്ഖയില്‍ പുതിയ കട തുടങ്ങാനാകും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ഐഎസ് ബ്ലോഗിലൂടെ നല്‍കിയത്. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നുമുള്ള തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനു പറ്റിയ സ്ഥലമാണ് ഇസ്‌ലാമിക് സ്‌റ്റേറ്റെന്ന് നൂര്‍ വിശ്വസിച്ചു. അവിേടക്കു കടക്കാന്‍ കുടുംബാംഗങ്ങളെയും നിര്‍ബന്ധിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂറും കുടുംബവും വീടും സ്ഥലവും കാറും സ്വര്‍ണവും കയ്യിലുള്ള എല്ലാം വിറ്റു പെറുക്കി 38,000 യുഎസ് ഡോളറുമായി തുര്‍ക്കിയിലേക്കു പോയി. അവിടെനിന്നു സിറിയയിലേക്കു കടക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുര്‍ക്കിയിലെത്തിയതു മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ഏഴോളം ബന്ധുക്കള്‍ സ്വന്തം നിലയില്‍ സിറിയയിലേക്കു കടക്കാനായി അതിര്‍ത്തിയിലേക്കുപോയി. ഇവരെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്ന പേരില്‍ തുര്‍ക്കി ഇന്തൊനീഷ്യയിലേക്കു തിരിച്ചയച്ചു. ഇവരിപ്പോള്‍ സ്വന്തംരാജ്യത്ത് നിരീക്ഷണത്തില്‍ കഴിയുകയാണ്. പിന്നീട് 2015 ഓഗസ്റ്റില്‍ എങ്ങനെയൊക്കെയോ ബാക്കിയുള്ളവര്‍ സിറിയയിലെത്തി.

അവിടെ എത്തിയപാടെ, പുരുഷന്‍മാരോട് ഇസ്‌ലാമിക ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഉത്തരവിട്ടു. സൈനിക പരിശീലനത്തിനു വിസ്സമ്മതിച്ചതിനെത്തുടര്‍ന്നു മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടിവന്നു. വിട്ടയച്ചപ്പോള്‍ വീണ്ടും പിടികൂടാതിരിക്കാന്‍ അവര്‍ക്ക് ഒളിവില്‍ കഴിയേണ്ടി വന്നു. സ്തീകളെയും പെണ്‍കുട്ടികളെയും വനിതകള്‍ക്കുമാത്രമായുള്ള ഡോര്‍മിറ്ററിയിലേക്കു മാറ്റി. ഐഎസ് നിയന്ത്രണത്തിലുള്ള ഡോര്‍മിറ്ററിയിലെ ജീവിതം നൂറിനെ ഞെട്ടിച്ചു. സ്ത്രീകള്‍ തമ്മില്‍ വഴക്കുകൂടലും കളവും ഗോസിപ്പുകളും കത്തികൊണ്ടുള്ള ആക്രമണങ്ങളും. ഐഎസ് ഭടന്‍മാര്‍ക്കുവേണ്ടിയുള്ള വധുക്കളുടെ പട്ടികയില്‍ നൂറും സഹോദരിയും ബന്ധുക്കളും ഉള്‍പ്പെട്ടു. കാണുകപോലും ചെയ്യാതെ വിവാഹിതരാവുകയാണ് പെണ്‍കുട്ടികള്‍. ദൈവത്തെപ്പോലെയാണ് അവര്‍ പെരുമാറിയത്. സ്വന്തമായി നിയമങ്ങളുണ്ടാക്കും… ഇസ്ലാമില്‍നിന്നു ഏറെ വ്യത്യസ്തമാണ് അവരുടെ ജീവിത രീതി. കണ്ടിട്ടുപോലുമില്ലാത്തവര്‍ക്ക് വഴങ്ങികൊടുക്കണം, ഇല്ലെങ്കില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യും, അവര്‍ക്കു വേണ്ടത് പെണ്ണും പണവും അധികാരവും മാത്രമാണ് നൂര്‍ വ്യക്തമാക്കി.

റാഖയുടെ വടക്ക് കൊബാനിലെ കുര്‍ദിഷ് സേനയുടെ സുരക്ഷാ കേന്ദ്രത്തില്‍വച്ച് നൂറിന്റെ ബന്ധുക്കളെയും അഭിമുഖമെടുത്ത സംഘം കണ്ടിരുന്നു. ഭീകരരുടെ കീഴില്‍ ജീവിച്ചതു ജയിലില്‍ കഴിഞ്ഞതുപോലെയാണെന്നാണു പതിനെട്ടുകാരനായ ബന്ധു അഭിപ്രായപ്പെട്ടത്. യുദ്ധത്തില്‍ പങ്കെടുക്കാനല്ല സിറിയയില്‍ പോയത്. ഇസ്‌ലാമിക രാജ്യത്തു ജീവിക്കാനാണ്. പക്ഷേ, ഇത് ഇസ്‌ലാമിക രാജ്യമല്ല, ഇത് അനീതിയാണ്. മുസ്‌ലിമുകള്‍ മുസ്‌ലിമുകള്‍ക്കെതിരെയാണു പോരാടുന്നത്. പേരു വെളിപ്പെടുത്താതെ ബന്ധു വ്യക്തമാക്കി.

സിറിയയില്‍ എത്തിയ ഉടനെ ബന്ധുവായ റാച്ച്മാനിക്കു കഴുത്തിനുള്ള അസുഖത്തിനു സൗജന്യമായി ശസ്ത്രക്രിയ ലഭിച്ചു. ഓട്ടിസം ബാധിച്ച മകനു പരിചരണവും. ഇറാഖിലെ മൊസൂളിലേക്ക് അയച്ചാണു ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ തന്റെ പഠനം എപ്പോള്‍ തുടരാനാകുമെന്ന നൂറിന്റെ ചോദ്യം അവഗണിക്കുകയാണ് ഐഎസ് ചെയ്തത്. അവിടെനിന്നു രക്ഷപ്പെടാനുള്ള എല്ലാ വഴികളും കുടുംബം തേടിയിരുന്നു. പിന്നീട് റാഖ്ഖ വീണ്ടെടുക്കാനുള്ള കുര്‍ദിഷ് പോരാട്ടത്തെത്തുടര്‍ന്നു സ്വന്തം ജീവന്‍ പണയപ്പെടുത്തി സ്ഥലത്തെ ഒരു ഇന്റര്‍നെറ്റ് കഫെയില്‍നിന്നു നൂര്‍ സാമൂഹികപ്രവര്‍ത്തകരെ ബന്ധപ്പെട്ടു. അങ്ങനെ കള്ളക്കടത്തുകാര്‍ക്ക് 4,000 യുഎസ് ഡോളര്‍ നല്‍കി ജൂണ്‍ 10ന് കുടുംബം രക്ഷപ്പെട്ട് കുര്‍ദിഷ് നിയന്ത്രണ പ്രദേശത്ത് എത്തി. തന്റെ തീരുമാനം തെറ്റായിരുന്നുവെന്നും അബദ്ധമായിരുന്നുവെന്നും നൂര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സിറിയയിലെ അയ്ന്‍ ഐസ്സയില്‍ കുര്‍ദിഷ് അഭയാര്‍ഥി ക്യാംപില്‍ കഴിയുകയാണ് നൂര്‍ ഇപ്പോള്‍. പിതാവും ജീവിച്ചിരിക്കുന്ന പുരുഷന്‍മാരായ നാലു ബന്ധുക്കളെയും വടക്കുള്ള അഭയാര്‍ഥി ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്. ഇതിനുശേഷം ജക്കാര്‍ത്തയിലെ വീട്ടിലേക്കു കുടുംബത്തിന് ഒന്നിച്ചു തിരിച്ചു പോകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

thanks to bignews


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും