സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാതൃഭൂമി ന്യൂസിലെ വനിതാ ജീവനക്കാര്‍ക്ക് മാസമുറയുടെ ആദ്യ ദിനം ശമ്പളത്തോടെ അവധി

വിമെന്‍പോയിന്‍റ് ടീം

മാതൃഭൂമി ന്യൂസിലെ വനിതാ ജീവനക്കാര്‍ക്ക് മാസമുറയുടെ ആദ്യ ദിനം ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സ്ഥാപനം വനിതകള്‍ക്ക് ഇത്തരമൊരു പരിഗണന നല്‍കുന്നത്. മാതൃഭൂമി ന്യൂസിന്റെ ഈ തീരുമാനത്തെ സ്ഥാപനത്തിലെ വനിത ജീവനക്കാര്‍ അഭിനന്ദനത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എംവി ശ്രേയംസ് കുമാര്‍ ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ തന്റെ വാക്കുകള്‍ പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്നുവെന്നും തങ്ങള്‍ക്കിത് ചരിത്ര നേട്ടമാണെന്നുമാണ് മാതൃഭൂമി ന്യൂസിലെ ജിഷ കല്ലുങ്കല്‍ തന്റെ ഫെയ്‌സബുക്കില്‍ കുറിച്ചത്. ശ്യാമിലി ശശിധരന്‍ പങ്കുവെച്ചത് മാതൃഭൂമി ന്യൂസ് ടീമിനോടൊപ്പമായതില്‍ അഭിമാനിക്കുന്ന നിമിഷമാണിതെന്നാണ്. മഹത്തായ ഈ താരുമാനത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് അശ്വതി ഗോപി.

ഈ തീരുമാനത്തെ കുറിച്ച് എംവി ശ്രേയംസ് കുമാര്‍ അഴിമുഖത്തോട് പറഞ്ഞത്- ‘മാതൃഭൂമി ന്യൂസിലാണ് (ചാനല്‍) ഇപ്പോള്‍ ഈ സംവിധാനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി മാതൃഭൂമിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. സ്ത്രീകളെ മനസ്സിലാക്കുക എന്നതാണ് പ്രധാനം. സ്ത്രീ ശാക്തീകരണം എന്ന് എല്ലാവരും പറയും. പക്ഷെ സ്ത്രീകള്‍ ശരിക്കും ശാക്തീകരിക്കപ്പെട്ടവരാണ്. അവര്‍ക്ക് എല്ലാ കഴിവുകളുമുണ്ട്. എന്നാല്‍ അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. ആ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനൊരു പരിഹാരം കാണുക എന്നുള്ളതാണ് ഉദ്ദേശിച്ചിട്ടുള്ളത്. കാരണം ആര്‍ത്തവ ദിവസങ്ങളിലാണ് സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുന്നത്. 24×7 ന്യൂസ് ചാനലായതിനാല്‍ മൂന്ന് ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ ജോലിചെയ്യേണ്ടി വരാറുണ്ട്. കേരളത്തില്‍ ഇത് ആദ്യമായാണ് സ്ത്രീകള്‍ക്ക് ഇത്തരമൊരു പരിഗണന നല്‍കുന്നത്. മുമ്പ് മുംബൈയിലെ ഒരു കമ്പനി മാത്രമേ ഇങ്ങനെയൊരു നടപടി കൈക്കൊണ്ടിട്ടുള്ളൂ.’ എന്നാണ്.

മുംബൈ ആസ്ഥാനമായ കള്‍ച്ചര്‍ മെഷീന്‍ ഡിജിറ്റല്‍ മീഡിയ കമ്പനിയാണ് രാജ്യത്ത് ആദ്യമായി വനിതാ ജീവനക്കാര്‍ക്ക് മാസമുറയുടെ ആദ്യ ദിനം ശമ്പളത്തോടു കൂടിയുള്ള അവധി എന്ന തീരുമാനം നടപ്പാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും