സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊച്ചി മെട്രോ: തൊഴില്‍ നല്‍കാതെ കബളിപ്പിച്ചെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

വിമെന്‍പോയിന്‍റ് ടീം

കൊച്ചി മെട്രോയില്‍ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് പരിശീലനം പൂര്‍ത്തിയാക്കി ശേഷം തൊഴില്‍ നല്‍കാതെ കബളിപ്പിച്ചെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് രംഗത്ത്. ഒരു മാസത്ത പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ക്ക് ജോലി നല്‍കാതെ കബളിപ്പിച്ചതെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ആതിര (47), ശാന്തി(52) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ജോലി നല്‍കിയ വാര്‍ത്ത ലോക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടന സമയത്തും ഇത് പ്രശംസക്കിടയായി. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ആരോപണവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഞങ്ങളടങ്ങിയ 23 പേര്‍ക്കാണ് മെട്രോ അധികൃതര്‍ അപേക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ ജോലിക്കായി പരിശീലനം നല്‍കിയത്. ഒരു മാസം രാജഗിരി കോളേജിലായിരുന്നു പരിശീലനം. എന്നാല്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാഭ്യാസ യോഗ്യതയും പ്രായവും പറഞ്ഞ് ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. 12 പേര്‍ക്ക് മാത്രമാണ് നിലവില്‍ ജോലി നല്‍കിയിരുക്കുന്നത്. സംഭവത്തില്‍ എറണാകുളം അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നുന്നെങ്കിലും ജോലി ഉറപ്പാക്കും എന്നായിരുന്നു മറുപടി. എന്നാല്‍ മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും ജോലി നല്‍കിയിട്ടില്ല. തങ്ങള്‍ ചെയ്തിരുന്ന തൊഴില്‍ ഉപേക്ഷിച്ചാണ് മെട്രോ ജോലിക്കായി ചെന്നത്. എന്നാല്‍ ഇപ്പോള്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണ്. പരിശീലന കാലത്ത് വിദ്യാഭ്യാസവും പ്രായവും ഒന്നും പ്രശ്‌നമല്ലായിരുന്നു. ഇപ്പോള്‍ അത്തരം കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ അര്‍ഥമില്ല’ ആതിരയും ശാന്തിയും പറയുന്നു.

ആറുവര്‍ഷത്തോളം ആഢംബര ഹോട്ടലില്‍ ജോലി എടുത്തിരുന്ന താന്‍ മെട്രോയില്‍ തൊഴില്‍ വാദ്ഗാനം കിട്ടിയപ്പോള്‍ ആ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ശാന്തി പറയുന്നു. തയ്യല്‍ പണി ചെയ്താണ് ആതിര ജീവിച്ചിരുന്നത്. എന്നാല്‍ പരിശീലന സമയത്ത് ഇവര്‍ക്കു രണ്ടു പേര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ താത്കാലികമായി ഒഴിവാക്കേണ്ടി വന്നതെന്ന് മെട്രോ അധികൃതര്‍ പ്രതികരിച്ചു.

‘ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ തുറന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ 23 പേരെ ആദ്യഘട്ട പരിശീലനത്തിനായി തെരഞ്ഞെടുത്തു. എന്നാല്‍ പരിശീലനകാലയളവില്‍ ഇപ്പോള്‍ പരാതി ഉന്നയിച്ചവര്‍ക്ക് താഴ്ന്ന വിദ്യാഭ്യാസ യോഗ്യത മാത്രമേ ഉള്ളൂ എന്നു മനസിലായി. ഹൗസ് കീപ്പിങ് ജോലിക്കായിരുന്നു ഇവരെ പരിഗണിച്ചത്. യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനെങ്കിലുമുള്ള കഴിവ് അനിവാര്യമാണ്. അതുപോലും ഇവര്‍ക്കു പരിശീലന കാലത്ത് സാധ്യമാവാത്തതു കൊണ്ടാണ് രണ്ടുപേരെ ഒഴിവാക്കേണ്ടി വന്നത്. 23 പേരില്‍ 18 പേര്‍ തൊഴിലില്‍ നിയമിച്ചു കഴിഞ്ഞു. ശീതള്‍ ശ്യാമടക്കമുള്ള ചിലര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാത്തതാണ്. ശീതള്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കും. മറ്റു ചിലര്‍ ജോലി ഭാരം കൂടുതലാണെന്നു പറഞ്ഞ് ഒഴിവാകുകയായിരുന്നു. മറ്റുള്ളവരെ പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ജോലി ചെയ്യണമെന്ന് പരിശീലന കാലത്തു തന്നെ പറഞ്ഞതാണ്. കഴിവും യോഗ്യതയും താല്‍പര്യമുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ജോലിയില്‍ നിയമിക്കാന്‍ ഞങ്ങളിപ്പോഴും തയ്യാറാണ്. 60 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ആദ്യഘട്ടത്തില്‍ ജോലി നല്‍കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. ഇൗ രണ്ടു പേരുടെ കാര്യത്തില്‍ മാനേജ്‌മെന്റ് ഉടന്‍ തീരുമാനമെടുക്കും. കൂടുംബശ്രീ പ്രവര്‍ത്തകരെ കൃത്യമായ യോഗ്യത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നിയമിക്കുമ്പോള്‍ ട്രാന്‍സ്‌ജെഡേഴ്‌സിനു മുന്നില്‍ അത്തരം കടമ്പകളൊന്നും ഞങ്ങള്‍ മുന്നോട്ട് വെച്ചില്ല. കാന്റീനടക്കമുള്ള പുതിയ സംരംഭങ്ങള്‍ മെട്രോയുടെ ഭാഗമായി തുടങ്ങുന്നുണ്ട്. അവയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പരിഗണിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ നല്ല രീതിയില്‍ തൊഴിലെടുക്കുന്നുണ്ട്.’ കൊച്ചി മെട്രോയുടെ കമ്യൂണിക്കേഷന്‍  മാനേജര്‍ രശ്മി സി.ആര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ രണ്ടു പേരെ ഒഴിവാക്കിയ നടപടി മനുഷത്യരഹിതമാണെന്നാണ് ബിജെപി വക്താവ് പി.വി സജിനി ആരോപിക്കുന്നത്. ‘വലിയ അനീതിയാണ് ഈ സംഭവത്തില്‍ നടന്നിട്ടുള്ളത്. എല്ലാ യോഗ്യതയുമുണ്ടെന്നു പറഞ്ഞ് പരിശീലനത്തിനു തെരഞ്ഞെടുക്കകയും അതിനു ശേഷം യോഗ്യതയില്ലെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ പറ്റുന്ന നടപടിയില്ല. ഇവര്‍ക്കു രണ്ടു പേരും മറ്റൊരു തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരായിരുന്നു. അതുപേക്ഷിച്ചാണ് മെട്രോയിലേക്കെത്തിയത്. ഇപ്പോള്‍ അവരെ തൊഴില്‍രഹിതരാക്കി പൊതുവഴിയിലേക്കിറക്കുന്നത് കടുത്ത അനീതിയാണ്. കുടുംബശ്രീയുടെ ഭാഗത്തു നിന്നും ഇവരുടെ കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കാന്‍ തയ്യാറാകുകയും ഇവര്‍ക്ക് ഉടന്‍ തൊഴില്‍ നല്‍കുകയും വേണം’– സജിനി പറഞ്ഞു.

അതേ സമയം ഇവര്‍ രണ്ടു പേര്‍ക്കും തൊഴിലിനാവശ്യമായ നിലയിലേക്ക് ഉയരാന്‍ കഴിയാത്തതിനാലാണെന്ന് മെട്രോ അധികൃതര്‍ക്ക് ഒഴിവാക്കേണ്ടി വന്നതെന്നാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നത്. ‘ശാന്തിയും ആതിരയും മെട്രോയില്‍ തൊഴില്‍ പരിശീലന സമയത്ത് തികഞ്ഞ സന്തോഷത്തിലായിരുന്നു. എന്നാല്‍ പരിശീലന കാലയളവില്‍ ഇവര്‍ക്ക് കഴിവ് തെളിയിക്കാന്‍ പറ്റിയില്ല. ഇംഗ്ലീഷ് ഭാഷയില്‍ ഇവര്‍ക്ക് അടിസ്ഥാന പ്രാവീണ്യം ഉണ്ടായിരുന്നില്ല. പിന്നെ ശമ്പളവും കുറവായിരുന്നു. പലപ്പോളും പലതും വായിക്കാനൊക്കെ പറഞ്ഞപ്പോള്‍ ഇവര്‍ക്കു സാധിച്ചില്ല. ഇതൊക്കെ കൊണ്ടാണ് ഇവരെ ഒഴിവാക്കേണ്ടി വന്നതെന്നാണ് വിവരം. ഭാവിയില്‍ മെട്രോയില്‍ ഒഴിവുകള്‍ ഉണ്ടാകുമ്പോള്‍ ഇവരെ പരിഗണിക്കാമെന്നും മെട്രോ അധികൃതര്‍ പറഞ്ഞിട്ടുണ്ട്‘- ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും