സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഒരു പുതിയ തുടക്കം! റാമ്പില്‍ ചുവടുവച്ച് ട്രാന്‍സ്ജെന്‍ഡേഴ്സ്

വിമെന്‍പോയിന്‍റ് ടീം

മനസ്സിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ് റാമ്പില്‍ ചുവടുവച്ചുകൊണ്ട് അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു, ഞങ്ങളും നിങ്ങളിലൊരാളാണെന്ന്.  സാരിയും സെറ്റും മുണ്ടും മോഡേണ്‍ വസ്ത്രങ്ങളുമണിഞ്ഞ് സര്‍വാഭരണവിഭൂഷിതകളായി ഹരം പിടിപ്പിക്കുന്ന സംഗീതത്തിനൊപ്പം അവര്‍ ചുവടുവച്ചു. ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കായി സംഘടിപ്പിച്ച സൌന്ദര്യമത്സരത്തില്‍ 15 പേര്‍ പങ്കെടുത്തു.

ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഭിന്ന ലിംഗക്കാര്‍ക്കായി സൌന്ദര്യ മത്സരം സംഘടിപ്പിച്ചത്. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നടന്ന ആദ്യ ഓഡിഷനില്‍ 300 പേരാണ് പങ്കെടുത്തത്. അതില്‍നിന്ന് തെരഞ്ഞെടുത്ത 28 പേര്‍ക്കായി നടന്ന രണ്ടാമത്തെ മത്സരത്തില്‍നിന്ന് 15 പേര്‍ അവസാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേരളത്തില്‍ 35,000 ത്തോളം ഭിന്ന ലിംഗക്കാരുണ്ടെങ്കിലും 300 പേര്‍ മാത്രമാണ് വ്യക്തിത്വം വെളിപ്പെടുത്തി മത്സരത്തിനായി മുന്നോട്ടുവന്നതെന്ന് സൊസൈറ്റി സെക്രട്ടറി രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ പരിശീലനം, തുടര്‍വിദ്യാഭ്യാസം എന്നിവ ലക്ഷ്യംവയ്ക്കുന്ന സൊസൈറ്റി തുടര്‍ന്നുള്ള എല്ലാ വര്‍ഷവും സൌന്ദര്യ മത്സരം സംഘടിപ്പിക്കും.  സ്വന്ദര്യ മത്സരത്തിന് പാര്‍വതി ഓമനക്കുട്ടന്‍, ഡോ.സാം മാണി പോള്‍, രഞ്ജിനി ഹരിദാസ്, മാലിക പണിക്കര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.

50,000 രൂപയും കിരീടവുമാണ് ഒന്നാംസമ്മാനം. 25,000 രൂപയും കിരീടവും രണ്ടാംസമ്മാനം. 10,000 രൂപയും കിരീടവുമാണ് മൂന്നാംസമ്മാനം.  സൌന്ദര്യ മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിനിമാതാരം മധു ബാല എന്നിവര്‍ മുഖ്യാതിഥികളായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും