സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീട്ടുതടങ്കലിൽ കഴിയുന്ന യുവതിയെ രക്ഷിക്കാന്‍ മീരാബായ് ടീച്ചർ നിവേദനം നൽകി

വിമെന്‍പോയിന്‍റ് ടീം

കോടതി വിധിയുടെ മറവിൽ വീട്ടുതടങ്കലിൽ കഴിയുന്ന അഖില എന്ന യുവതിയെ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ശാസ്ത്ര സാഹിത്യ പരിഷത് ജനറൽ സെക്രട്ടറി മീരാബായ് ടീച്ചർ  സാമൂഹ്യക്ഷേമ മന്ത്രി ശൈലജ ടീച്ചർക്കും വനിതാ കമ്മീഷനും നൽകി .ശാസ്ത്ര സാഹിത്യ പരിഷത് ജനറൽ സെക്രട്ടറി മീരാബായ് ടീച്ചർ അവിടെ നേരിൽ പോയി കണ്ടു മനസ്സിലാക്കിയ ശേഷമാണു ഈ നിവേദനം സമർപ്പിച്ചത്. 

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം ടി.വി പുരം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ വിവാഹം കഴിഞ്ഞ മാസം 24ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൂടാതെ യുവതിയെ അച്ഛന്റെ സംരക്ഷണത്തിന് വിട്ടുകൊണ്ട് ഉത്തരവിടുകയുണ്ടായി. തമിഴ്നാട്ടിൽ സേലത്തു നിന്നും ഹോമിയോപ്പതിയിൽ  ഹൌസ് സര്‍ജന്‍സി കഴിഞ്ഞു. 

യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. വിവാഹം അസ്ഥിരപ്പെടുത്തിയതായി പ്രഖ്യാപിച്ച കോടതി നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വിഷയം മതമായതിനാല്‍ യുവതിക്കും അവരുടെ വീട്ടുകാര്‍ക്കും സംരക്ഷണമെന്ന പേരില്‍ ഒരുക്കിയിരിക്കുന്നത് കടുത്ത വീട്ടുതടങ്കല്‍ തന്നെയാണ്. 
ഇരുപത്തിനാലുവയസ്സുകാരി ഒരു കൊച്ചുപെണ്‍കുട്ടിയല്ല. സ്വന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം കൈക്കൊള്ളാന്‍ ശേഷിയുള്ള വിദ്യാസമ്പന്നയായ യുവതിയാണ്. അവര്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍പോലും അനുവാദമില്ലായെന്നും പോലീസ് ബന്തവസ്സിന്റെ പശ്ചാത്തലത്തില്‍ ഒരുവ്യക്തിക്ക് ലഭിക്കേണ്ട സാധാരണ മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നതായും അറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പ്രശ്‌നം നേരിട്ട് മനസ്സിലാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായിയുടെ നേതൃത്വത്തില്‍ ഒരു സംഘം അവിടെയെത്തുകയും പോലീസിന്റെ സഹകരണത്തോടെ തന്നെ യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവം ഇപ്രകാരമായിരുന്നു. വീടിനുചുറ്റും ടെന്റുകളിലായി പോലീസുകാര്‍ താമസിക്കുന്നുണ്ട്. വീട്ടിലേക്ക് തിരിയുന്ന വഴിയിലും ഗെയ്റ്റിലും പോലീസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയോടൊപ്പം മൂന്ന് വനിതാപോലീസുകാര്‍ പൂര്‍ണസമയവും അവരുടെ മുറിയില്‍ തന്നെ കഴിയുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. യുവതിക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനോ മറ്റാരെയും കാണുന്നതിനോ അനുവാദമില്ലെന്നും അറിയാന്‍ കഴിഞ്ഞു. യുവതിയുടെ അച്ഛന്റെ അനുമതി ലഭിക്കാത്തതിനാല്‍ യുവതിയെ നേരിട്ട് കാണുന്നതിന് സാധിച്ചില്ല. 

മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാവാതെ, പോലീസ് അകമ്പടിയോടെയുള്ള ജീവിതം ഹാദിയയെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കുന്നതായും ഈ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ‘മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാനാവില്ല എന്നത് പോട്ടെ, ടിവി കാണാനോ പത്രം വായിക്കാനോ പോലും ഹാദിയയ്ക്ക് അനുവാദമില്ല. മതാചാരപ്രകാരമുള്ള നോമ്പ് ആചരിച്ചും പകല്‍ മുഴുവന്‍ ഉറങ്ങിയുമാണ് അവര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. രാത്രി നേരങ്ങളില്‍ മിക്കപ്പോഴും ഖുര്‍-ആന്‍ വായനയിലായിരിക്കും. ‘എന്തിനാണീ കോലാഹലമെല്ലാം’ എന്ന് ഇടയ്ക്കിടെ അച്ഛനോട് ചോദിക്കുന്നത് കേള്‍ക്കാം. അമ്മയോട് സംസാരിക്കാറേയില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പോലീസുകാര്‍ അവരോടൊപ്പമുണ്ടാവും.

 ഈ മതം തിരഞ്ഞെടുത്തതിനുള്ള കാരണങ്ങളും ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള ആഗ്രഹവുമെല്ലാമാണ് പറയുന്നത്. ഈ അവസ്ഥയിലും തന്റെ വഴി തന്നെയാണ് ശരിയെന്ന് മാത്രമേ അവര്‍ പറയാറുള്ളൂ. മുറിക്കകത്ത് തന്നെയുള്ള കുളിമുറിയില്‍ വസ്ത്രങ്ങള്‍ കഴുകും. കഴുകിയ വസ്ത്രങ്ങള്‍ പുറത്തുകൊണ്ട് വന്ന് ഉണക്കാനിടാന്‍ അവര്‍ക്ക് അനുവാദമില്ല. അമ്മയോട് സംസാരമില്ലാത്തതിനാല്‍ വസ്ത്രങ്ങള്‍ കഴുകിക്കഴിഞ്ഞ് മുറിയില്‍ കിടക്കുന്ന മേശമേല്‍ രണ്ട് മൂന്ന് തവണ മുട്ടി ഇക്കാര്യം അമ്മയെ അറിയിക്കും. അവരെ സംബന്ധിച്ച് സ്വന്തം വീട് തടവറയാണ്. പലപ്പോഴും ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം മാത്രമേ കഴിക്കുന്നുള്ളൂ. അതിനാല്‍ വളരെ ക്ഷീണിതയാണ്. സ്ഥലത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും മൊബൈല്‍ ഫോണ്‍ അകത്തേക്ക് കൊണ്ടുപോവാന്‍ അനുവാദമില്ല. വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് പുറത്ത് കാവലുള്ള പുരുഷ പോലീസുകാരെ ഫോണ്‍ ഏല്‍പ്പിക്കണം. ശാരീരിക പീഡനം അനുഭവിക്കുന്നില്ലെന്ന് മാത്രമേയുള്ളൂ. മാനസികമായി അത്രത്തോളം അവര്‍ പീഢിപ്പിക്കപ്പെടുകയാണ്‌.

വൈക്കം പോലീസ് സ്‌റ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഹാദിയയെ കാണുന്നതിന് അനുവാദം വാങ്ങാനായി ചെന്നപ്പോള്‍, അവര്‍ക്ക് കാണാന്‍ സമ്മതമാണെങ്കില്‍ കാണാമെന്നാണ് പറഞ്ഞത്. പക്ഷെ ഹാദിയയുടെ വീട്ടിലെത്തിയപ്പോള്‍ സുരക്ഷാ ചുമതലയുള്ള എസ്.ഐ. പറഞ്ഞത് ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്നാണ്. അവിടെയെത്തിയ ഞങ്ങള്‍ കണ്ടത് ഭരണകൂടം സൃഷ്ടിച്ചിരിക്കുന്ന ഭീകരാന്തരാക്ഷമാണ്. ചുറ്റും പോലീസുകാര്‍, പട്ടാള ക്യാമ്പിന് സമാനമായ രീതികള്‍, നിരീക്ഷണങ്ങള്‍, ചോദ്യം ചെയ്യലുകള്‍. ഞങ്ങളുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരെ പോലും കോമ്പൗണ്ടിനകത്ത് കടക്കാന്‍ പോലീസുകാര്‍ അനുവദിച്ചില്ല. ഹാദിയയുടെ അച്ഛനെ കാണണമെന്ന് പറഞ്ഞപ്പോള്‍, അവിടെ നിന്ന് കാണാനും സംസാരിക്കാനും പറ്റില്ല എന്നാണ് പറഞ്ഞത്. അയല്‍വീട്ടില്‍ കാത്തിരിക്കൂ, അവിടെ ഹാദിയയുടെ അച്ഛന്‍ നിങ്ങളെ കാണാനായി വരുമെന്നും നിര്‍ദ്ദേശം ലഭിച്ചു. പിന്നീട് അയല്‍പക്കത്തെ വീട്ടില്‍ വച്ചാണ് അദ്ദേഹത്തോട് സംസാരിച്ചത്. പക്ഷെ ‘ഒന്നും പുറത്ത് പറയരുതെന്നാണ് എനിക്ക് വക്കീലില്‍ നിന്ന് കിട്ടിയ ഉപദേശം. അതുകൊണ്ട് എനിക്കൊന്നും പറയാനാവില്ല’ എന്നാണ് ഹാദിയയുടെ അച്ഛന്‍ ഞങ്ങളോട് പറഞ്ഞത്. എന്തിനാണ് പോലീസുകാര്‍ ഇങ്ങനെ ഒരന്തരീക്ഷം അവിടെ ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. കോടതിവിധിയനുസരിച്ചാണെങ്കില്‍, ഹാദിയയ്ക്ക് രക്ഷിതാക്കള്‍ സംരക്ഷണം നല്‍കണമെന്നും, അതിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മാത്രമേയുള്ളൂ. പക്ഷെ അവിടെ നടക്കുന്നത് അതൊന്നുമല്ല. ഭരണകൂട ഭീകരതയാണ്. ഒരു വ്യക്തി എന്ന നിലയ്ക്ക് ലഭിക്കേണ്ട എല്ലാ സ്വാതന്ത്യങ്ങളുടേയും അവകാശങ്ങളുടേയും ലംഘനം പ്രത്യക്ഷത്തില്‍ തന്നെ കാണാം. ഇതിനേക്കാള്‍ ഞങ്ങളെ ഭയപ്പെടുത്തിയത് സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടിക്കാരുടെ മൗനമാണ്.‘ ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ ജോജി കൂട്ടുമ്മേല്‍ പറയുന്നു

ഈ സാഹചര്യത്തില്‍ മനുഷ്യാവകാശകമ്മീഷനും വനിതാകമ്മീഷനും വേണ്ടിവന്നാല്‍ ഹൈക്കോടതി തന്നെയും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും യാതൊരുവിധത്തിലും കോട്ടം വരുന്നില്ലായെന്ന് ഉറപ്പുവരുത്തണമെന്നും ശാസ്ത്രസാഹിത്യപരിഷത്ത് അഭ്യര്‍ഥിക്കുന്നു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും