സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഹരിയാനയിലെ ഗുഡ്ഗാവില്‍ നടന്നത്!

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നുകേട്ടത്. കൈക്കുഞ്ഞുമായി ഓട്ടോയില്‍ യാത്ര ചെയ്ത അമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്നതുമായ സംഭവം.

ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് മുഖാന്തരം പുറത്തു വന്നു. എന്നാല്‍ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ് ഐ ആറില്‍ പറയുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് നടന്ന കാര്യങ്ങള്‍ അത്യന്തം ക്രൂരമായിരുന്നുവെന്നു സമൂഹം തിരിച്ചറിഞ്ഞത്.

മേയ് 30 നാണ് 19 കാരിയായ അമ്മയും അവരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഓട്ടോയില്‍വച്ച് അക്രമികളുടെ ക്രൂരതയ്ക്ക് ഇരയായത്.

ഗുഡ്ഗാവില്‍ ഐഎംടി മനേസറിലായിരുന്നു യുവതിയും ഭര്‍ത്താവും താമസിച്ചിരുന്നത്. തൊട്ടടുത്ത അയല്‍ക്കാരുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണു മേയ 29 നു വൈകുന്നേരം യുവതി കുഞ്ഞുമായി പഴയ ഗുഡ്ഗാവിലുള്ള ഖണ്ഡ്‌സ റോഡിലുള്ള ഭര്‍ത്താവിന്റെ കുടുംബവീട്ടിലേക്കു പോയത്.ഭര്‍ത്താവ് ജോലി സ്ഥലത്തായിരുന്ന സമയത്താണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്.

ദേശീയപാത 8 ല്‍ കാത്തു നിന്ന യുവതിക്ക് ആദ്യം കിട്ടിയത് ഒരു ട്രക്കായിരുന്നു. എന്നാല്‍ ട്രക്ക് ഡൈവര്‍ മദ്യപിച്ചിരുന്നതും തന്നെ ശല്യപ്പെടുത്താന്‍ ശ്രമം നടത്തിയതും കൊണ്ട് പാതിവഴിയില്‍ യുവതി കുട്ടിയുമായി ഇറങ്ങി. ഇതിനുശേഷമാണ് ഒരു ഓട്ടോയ്ക്ക് കൈകാണിച്ചത്. ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ യാത്രക്കാരുടെ സീറ്റില്‍ ഉണ്ടായിരുന്നു. ഷെയര്‍ ഓട്ടോയായിരിക്കുമെന്ന ധാരണയില്‍ യുവതി അതില്‍ കയറി. എന്നാല്‍ കുറച്ചു മുന്നോട്ടുപോയശേഷം ഖേര്‍ക്കി ദൗല ടോള്‍ പ്ലാസയുടെ മുന്നിലെത്തുന്നതിനു മുമ്പായി ഡ്രൈവര്‍ വണ്ടി യൂടേണ്‍ തിരിച്ചു. ഇതിനുശേമാണ് യാത്രക്കാരായി തോന്നിച്ച പുരുഷന്മാര്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ഇതോടെ കുഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങി. ഐഎംടി സെക്ടര്‍8 ല്‍ വണ്ടി നിര്‍ത്തി. യുവതിയെ വണ്ടിയില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി ഒഴിഞ്ഞൊരു സ്ഥലത്തേക്കു കൊണ്ടുപോയി. ഒരാള്‍ യുവതിയുടെ കൈയില്‍ നിന്നും കുട്ടിയെ ബലമായി വാങ്ങിയെടുത്തശേഷം കരയുന്ന കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു. ഒരാള്‍ യുവതിയെ പീഡിപ്പിക്കുമ്പോള്‍ മറ്റൊരാള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു നില്‍ക്കുന്ന രീതിയില്‍ മൂന്നുപേരും യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് പോകാന്‍ തുടങ്ങുന്നതിനു മുമ്പായാണ് അവര്‍ കൈയിലിരുന്ന കുട്ടിയെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഏറില്‍ റോഡിലെ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ തലയിടിച്ചായിരുന്നു കുട്ടി വീണത്.

അക്രമികള്‍ പോയതിനുശേഷം കുട്ടിയെ കൈയിലെടുത്ത് യുവതി രക്ഷാമാര്‍ഗം തേടി നടന്നു. ഒടുവില്‍ പെന്‍സില്‍ ഇലക്‌ട്രോ എന്ന ഫാക്ടറിയുടെ മുന്നില്‍ എത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയെ ഖണ്ഡ്‌സ റോഡിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ എത്തിക്കുന്നത്. ഈ സമയത്തൊക്കെ തനിക്ക് സംഭവിച്ച അപകടത്തെക്കാള്‍ കുട്ടിയുടെ കാര്യത്തില്‍ മാത്രമായിരുന്നു യുവതിയുടെ പരിഭ്രാന്തി. അതുകൊണ്ട് തന്നെ താന്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട കാര്യം ബന്ധുക്കളോട് പറഞ്ഞില്ല. പകരം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു യുവതി ആവശ്യപ്പെട്ടത്. സമീപത്തുള്ള ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി ഡോക്ടര്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാനാവാതെ കുട്ടിയേയും കൊണ്ട് യുവതി ഡല്‍ഹിയിലെ തുഗ്ലക്ക്ബാദില്‍ തന്റെ മാതാപിതാക്കള്‍ താമസിക്കുന്നിടത്തേക്ക് പോയി. മെട്രോ ട്രെയിനില്‍ തന്റെ കുഞ്ഞിനെയും മാറോടണച്ചു യാത്ര ചെയ്യുമ്പോഴും കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല എന്നായിരുന്നു യുവതിയുടെ വിശ്വാസം. എന്നാല്‍ രണ്ടാമതു കാണിച്ച ഡോക്ടറും കുട്ടി മരണപ്പെട്ടിരിക്കുന്നു എന്നു വിധിയെഴുതിയതോടെ യുവതിക്ക് യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടി വന്നു.

യുവതിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ ഭര്‍ത്താവിനെ അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം അച്ഛനില്‍ നിന്നാണ് പിന്നീട് യുവതിയുടെ ഭര്‍ത്താവ് വിവരങ്ങള്‍ അറിയുന്നത്. അയാള്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സ്റ്റേഷനില്‍ നിന്നും യുവതിയുടെ വീട്ടുകാരെ ബന്ധപ്പെട്ട് ഉടന്‍ തന്നെ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെ തിരിച്ചെത്തിയശേഷമാണ് യുവതി താന്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട വിവരം പറയുന്നത്.

യുവതിയുടെ മൊഴിയില്‍ നിന്നുള്ള വിവരങ്ങള്‍വച്ച് പൊലീസ് മൂന്നു പ്രതികളുടെയും രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഇതുമായി നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലാകുന്നത്. മൂന്നു പ്രതികളും ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹര്‍ സ്വദേശികളാണെന്നാണു പൊലീസ് പറയുന്നത്. ബാക്കിയുള്ള രണ്ടുപേരെയും ഉടന്‍ തന്നെ പിടികൂടുമെന്നാണ് ഗുഡ്ഗാവ് പൊലീസ് പറയുന്നത്. അതേസമയം ഇന്ത്യ മുഴുവന്‍ വാര്‍ത്തയായ ഈ സംഭവത്തില്‍ പ്രതികളായ മൂന്നുപേര്‍ക്കും വധശിക്ഷ നല്‍കണമെന്ന ശക്തമായ ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും