സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയില്‍ ആദ്യമായി വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തെളിവാക്കി ബലാത്സംഗ കേസില്‍ ശിക്ഷ

വിമെന്‍പോയിന്‍റ് ടീം

ബലാത്സംഗത്തിന് ഇരയായ യുവതിയും അവരെ പീഡിപ്പിച്ച മൂന്ന് നിയമവിദ്യാര്‍ത്ഥികളും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിച്ച കോടതി മൂന്ന് പേരെയും ശിക്ഷിച്ചുകൊണ്ട് തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചു. ഹരിയാനയിലാണ് ഇന്ത്യന്‍ കോടതി നടപടികളില്‍ അത്യപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന വിധി ഉണ്ടായത്. ഇലക്ട്രോണിക് വിവരങ്ങള്‍ തെളിവായി സ്വീകരിച്ച രാജ്യത്തെ ആദ്യ കേസാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിധിക്ക് പ്രത്യേക പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്. ഹരിയാനയിലെ സോണപ്പേട്ടിലെ ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളായ ഹാര്‍ദിക് സിക്ക്രി സുഹൃത്ത് കരണ്‍ ഛബ്ര എന്നിവര്‍ക്ക് 20 വര്‍ഷവും മൂന്നാമനായ വികാസ് ഗാര്‍ഗിന് ഏഴ് വര്‍ഷവുമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുനിത ഗ്രോവര്‍ ശിക്ഷ വിധിച്ചത്.

സന്ദേശങ്ങള്‍ അങ്ങേയറ്റം അവഹേളനപരവും അശ്ലീലവുമാണെന്നും അതിനാല്‍ തന്നെ അത് വിധിന്യായത്തില്‍ ഉദ്ധരിക്കാന്‍ പോലും സാധിക്കില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 2013 മുതല്‍ തന്നെ നിര്‍ബന്ധിച്ച് ലൈംഗീക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് 2015-ലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. അന്ന് മുതല്‍ ഡല്‍ഹി സ്വദേശികളായ പ്രതികള്‍ ജയിലിലാണ്. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഹാര്‍ദ്ദിക് ഒരു സ്വകാര്യസംഘത്തില്‍ ഓണ്‍ലൈനായി കൈമാറിയതായും കണ്ടെത്തിയിരുന്നു. ആപ്പിളിന്റെ ഐ ക്ലൗഡില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ഇരയ്ക്ക് മനഃക്ലേശവും മാനഹാനിയും വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടി.

ഇരയെ നിര്‍ബന്ധിച്ച് ലൈംഗീക ബന്ധം പുലര്‍ത്തുന്നതിനായി സിക്രി ഛണ്ഡിഗഡിലേക്ക് കൊണ്ടുപോയതിന്റെ വിവരങ്ങളും ഇലക്ട്രോണിക് ഡേറ്റയില്‍ നിന്നും ലഭ്യമായിരുന്നു. ഉഭയ സമ്മതപ്രകാരമാണ് പെണ്‍കുട്ടി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന പ്രതിഭാഗം വാദം ജഡ്ജി നിരാകരിച്ചു. ഇര കോളേജില്‍ ജൂനിയര്‍ ആയിരുന്നതിനാല്‍ തന്നെ പ്രതികള്‍ക്ക് അവരെ ഭീഷണിപ്പെടുത്താന്‍ സാധിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് രേഖകളെ ആസ്പദമാക്കി രാജ്യത്ത് പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ വിധിയാണ് ഇതെന്ന് ഇരയുടെ അഭിഭാഷകന്‍ പ്രശാന്ത് മെണ്ടിരാത്ത അഭിപ്രായപ്പെട്ടു. ഇരയുടെ മൊബൈല്‍ ഫോണില്‍ നിന്നും നേരിട്ട് സ്വീകരിച്ച വിവരങ്ങളായതിനാലാണ് കോടതി അത് തെളിവായി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും