സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖിനെതിരെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി

വിമെന്‍പോയിന്‍റ് ടീം

മുത്തലാഖിനെതിരെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി. മുന്നു തവണ തലാഖ് ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്ന നിയമം ഖുറാനില്ലെന്നും വിഷയത്തില്‍ ഇസ്ലാമിക്ക് പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകള്‍ ഖുറാന്‍ വായിക്കണമെന്നുമാണ് അവര്‍ പറഞ്ഞത്. ഒരു പൊതു ചടങ്ങിലാണ് സല്‍മ അന്‍സാരി മുത്തലാഖുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കിയത്.

മുസ്ലിം വ്യക്തിനിയമവും ഖുറാനും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി ശരിവെക്കുന്നതാണെന്നും മുത്തലാഖ് അനുവദിക്കാതിരിക്കുന്നത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും മുത്തലാഖിന് നിയമസാധുത ഇല്ലാതാക്കരുതെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതിക്കെതിരെ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തുകയും മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലിം സ്ത്രീപുരുഷന്മാരുള്‍പ്പെടെ അന്‍പതിനായിരത്തോളം പേര്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. മുസ്ലിം സമുദായത്തിലെ മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിം കോടതി വാദം കേള്‍ക്കുകയാണ്.

ലിംഗ സമത്വം, സ്ത്രീകളുടെ മാന്യത, അന്തസ്സ്, തുടങ്ങിയവയെ ബാധിക്കുന്ന കാര്യങ്ങളില്‍ സന്ധി ചെയ്യാനാവില്ലെന്നും മതേതര രാജ്യത്ത് മുത്തലാഖ് പോലുള്ള കാര്യങ്ങള്‍ അനുചിതമാണെന്നുമാണ് മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

മുത്തലാഖുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുത്തലാഖിനെ എതിര്‍ത്ത് രാഷ്ട്രപതിയുടെ ഭാര്യ രംഗത്ത് വന്നിരിക്കുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഖുറാനില്‍ നോക്കാമെന്നും ഖുറാന്‍ വായിക്കാത്ത പക്ഷം തെറ്റിധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുരോഹിതര്‍ പറയുന്നതു അക്ഷരം പ്രതി അനുസരിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും ഖുറാന്‍ വായിച്ചാല്‍ സത്യമെന്താണെന്നത് നിങ്ങള്‍ക്ക് മനസിലാകുമെന്നും പരിഭാഷയല്ല അറബിയില്‍ എഴുതിയ ഖുറാന്‍ തന്നെ വായിക്കണമെന്നും സല്‍മ അന്‍സാരി മുസ്ലിം സ്ത്രീകളോട് ആവശ്യപ്പെട്ടു. ഖുറാന്‍ വായിക്കണമെന്നാണ് റസൂല്‍ ആവശ്യപ്പെട്ടതെന്നും സല്‍മ അന്‍സാരി പറയുന്നു. ഇസ്ലാമിക പണ്ഡിതന്‍മാരുടെ വാദങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് സല്‍മ അന്‍സാരി രംഗത്ത് വന്നിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും