സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മംഗളം ചാനല്‍മേധാവിയടക്കം 10 പേര്‍ക്കെതിരെ കേസ്

വിമെന്‍പോയിന്‍റ് ടീം

മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍സംഭാഷണമെന്ന പേരില്‍ മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദശകലങ്ങളുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്തു.ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സിഇഒ ആര്‍ അജിത്കുമാര്‍ ഉള്‍പ്പെടെ  എന്‍വൈസി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്റെ പരാതിയില്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെയും അഡ്വ. ശ്രീജ തുളസിയുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം കേസെടുത്തത്.

ക്രിമിനല്‍ ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 120-ബി, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം  ക്ളാസ് മജിസ്ട്രേട്ട് കോടതി മൂമ്പാകെ അന്വേഷണസംഘം പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണവേളയില്‍ രേഖകളില്‍ കൃത്രിമംകാട്ടല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തിയേക്കും.

മുജീബ് റഹ്മാന്റെ പരാതിയില്‍ സാജന്‍ വര്‍ഗീസ്, ആര്‍ അജിത്കുമാര്‍ എന്നിവര്‍ക്കുപുറമെ കോ- ഓര്‍ഡിനേറ്റിങ് എഡിറ്റര്‍മാരായ ഋഷി കെ മനോജ്, എം ബി സന്തോഷ്, അന്വേഷണ ടീം തലവന്‍ എസ് ജയചന്ദ്രന്‍ (എസ് നാരായണന്‍), ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്, ഒരു വനിതാ ന്യൂസ് എഡിറ്റര്‍, ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തക എന്നിവര്‍ക്കെതിരെയാണ് കേസ്. അഡ്വ. ശ്രീജ തുളസിയുടെ പരാതിയില്‍ ആദ്യപരാതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആര്‍ അജിത്കുമാര്‍, എം ബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, ഋഷി കെ മനോജ്, എസ് വി പ്രദീപ്, വനിതാ ന്യൂസ് എഡിറ്റര്‍ എന്നിവര്‍ക്കുപുറമെ ന്യൂസ് എഡിറ്റര്‍ മഞ്ജിത് വര്‍മയും പ്രതികളാണ്. ഇതിനുപുറമെ പരപ്പനങ്ങാടിയിലെ യുവതി നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും പ്രത്യേകസംഘം ഏറ്റെടുത്തു.

വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്രകശ്യപിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചത്. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഡിജിപിയുടെ സാന്നിധ്യത്തില്‍ പ്രാഥമികയോഗം ചേര്‍ന്നു. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അടുത്തദിവസം ചോദ്യം ചെയ്യും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും