സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഷി ടാക്സിക്ക് കോഴിക്കോട് നഗരത്തില്‍ ഓട്ടമില്ല

എസ്.ജയലക്ഷ്മി

സാമൂഹികനീതി വകുപ്പിന്‍െറ സംരംഭമായ ജെന്‍ഡര്‍ പാര്‍ക്കിനു കീഴിലെ ഷി ടാക്സിക്ക് കോഴിക്കോട് നഗരത്തില്‍ ഓട്ടമില്ല.2015 ജനുവരി 23നാണ് നഗരത്തില്‍ പിങ്കും വെള്ളയും കലര്‍ന്ന കാറുകളില്‍ വനിതകള്‍ വളയം പിടിക്കാന്‍ തുടങ്ങിയത്. പദ്ധതി തുടങ്ങി തിങ്കളാഴ്ചത്തേക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ടാക്സി വാങ്ങിയ വായ്പപോലും അടച്ചുതീര്‍ക്കാനാവാതെ ആശങ്കയില്‍ കഴിയുകയാണ് വനിത ടാക്സി ഡ്രൈവര്‍മാര്‍. ഓട്ടമില്ലാത്തതിനുപുറമേ പുരുഷ ടാക്സി ഡ്രൈവര്‍മാരുടെ മാനസികപീഡനവും ഭീഷണികളും ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു.

നാലുപേരാണ് ഷി ടാക്സിയുമായി രണ്ടുവര്‍ഷം മുമ്പ് രംഗത്തത്തെിയത്. താമരശ്ശേരിയിലെ ആന്‍സി, പെരുവണ്ണാമൂഴിയിലെ സ്വപ്ന, ശോഭ, കക്കോടിയിലെ ഷീബ എന്നിവരാണ് ഇവര്‍. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ ഓട്ടമില്ലാത്തതുമൂലം ഷീബ ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി. പുതിയറ സ്വദേശിയായ കെ. ജീജയുടെതായിരുന്നു ഇവര്‍ ഓടിച്ച കാര്‍. ഇപ്പോള്‍ ജീജ തന്നെയാണ് കാര്‍ ഓടിക്കുന്നത്. കഴിഞ്ഞ മാസം റെയില്‍വേ സ്റ്റേഷനില്‍ ഇവരുടെ കാറിന്‍െറ താക്കോല്‍ മറ്റൊരു ടാക്സി ഡ്രൈവര്‍ ബലമായി ഊരിവാങ്ങുകയും, സ്റ്റേഷന്‍ പരിസരത്ത് ബഹളമുണ്ടാവുകയും ചെയ്തിരുന്നു. തന്നെ ഞെട്ടിച്ച സംഭവമാണിതെന്നും ഇയാള്‍ക്കെതിരെ കേസുമായി മുന്നോട്ടുപോവുമെന്നും ജീജ പറയുന്നു. 

നഗരകേന്ദ്രിതമായി വണ്ടിയോടിക്കുന്ന ജീജക്ക് ആഴ്ചയില്‍ ശരാശരി ഒരു ഓട്ടം മാത്രമാണുള്ളത്. ടാക്സിക്കൂലിയുടെ 13ശതമാനം ജെന്‍ഡര്‍ പാര്‍ക്കിനുള്ളതാണ്. തുടക്കത്തില്‍ വലിയ പ്രചാരണം ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ഷീബ ഈ രംഗത്തേക്കു വന്നത്. ഒമ്പതുമാസം മാത്രമേ ഈ രംഗത്തു പിടിച്ചുനില്‍ക്കാനായുള്ളൂ. താമരശ്ശേരിയിലെ ആന്‍സിക്ക് മാസത്തില്‍ മൂന്നോ നാലോ ഓട്ടം മാത്രമാണുള്ളത്. കാറിന്‍െറ അടവ് കൃത്യമായി അടച്ചുകൊണ്ടിരുന്ന ഇവര്‍ക്ക് ഓട്ടം കുറഞ്ഞതോടെ  നാലു മാസത്തെ അടവ് മുടങ്ങി, 45,000ത്തോളം രൂപയാണ് അടക്കാനുള്ളത്. ഇപ്പോള്‍ കിട്ടുന്നത് ഡീസലിനും, വണ്ടിയുടെ സര്‍വിസിങ്ങിനുപോലും തികയുന്നില്ളെന്ന് ആന്‍സി പറയുന്നു. കൂലിപ്പണിക്കാരനായ ഇവരുടെ ഭര്‍ത്താവ് ആന്‍റണി ഹൃദയസംബന്ധമായ അസുഖത്താല്‍ ചികിത്സയിലുമാണ്.
റെയില്‍വേ സ്റ്റേഷനില്‍ ഷി ടാക്സിക്കാര്‍ക്കുള്ള പാര്‍ക്കിങ് അനുമതി ജെന്‍ഡര്‍ പാര്‍ക്ക് നേരിട്ട് റെയില്‍വേ അധികൃതരില്‍ നിന്ന് നേടിയിരുന്നു. 

പുരുഷഡ്രൈവര്‍മാര്‍ ഇവരുമായുണ്ടാക്കുന്ന പ്രശ്നങ്ങളെയും തര്‍ക്കത്തെയും തുടര്‍ന്ന് റെയില്‍വേ അനുമതി റദ്ദ് ചെയ്യുകയായിരുന്നുവെന്ന് ജെന്‍ഡര്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.  
പദ്ധതി തുടങ്ങിയപ്പോള്‍ കാണിച്ചതിന്‍െറ ആവേശത്തിന്‍െറ 10 ശതമാനം പോലും ഇപ്പോള്‍ അധികൃതര്‍ തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്നില്ളെന്നാണ് വനിത ഡ്രൈവര്‍മാരുടെ പരാതി. 
ആവശ്യത്തിന് പ്രചാരണം നല്‍കിയാല്‍ തങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റം വരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും