സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീവിരുദ്ധ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി

വിമെന്‍പോയിന്‍റ് ടീം

പുതുവത്സരദിനത്തില്‍ ബംഗളുരു നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന വ്യാപകമായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി. സ്ത്രീകളുടെ വസ്ത്രവും രാത്രിയില്‍ പുറത്തിറങ്ങിയതുമൊക്കെയാണ് അതിക്രമത്തിനു കാരണമെന്നാണ് അക്രമികളെ ന്യായീകരിച്ചുകൊണ്ട് അബു അസ്മി പറഞ്ഞത്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ഇന്നത്തെ കാലത്ത് എത്രത്തോളം നഗ്നത പ്രദര്‍ശിപ്പിക്കുന്നുവോ അത്രത്തോളം ഫാഷണബിളാണ് താനെന്നാണ് സ്ത്രീകളുടെ ധാരണ സന്ധ്യ കഴിഞ്ഞശേഷം, അല്ലെങ്കില്‍ ഡിസംബര്‍ 31ന് രാത്രി സഹോദരനോ ഭര്‍ത്താവോ ഒപ്പമില്ലാതെ മറ്റ് പുരുഷന്മാര്‍ക്കൊപ്പം എന്റെ മക്കള്‍ പുറത്തിറങ്ങിയാലും അത് തെറ്റാണെന്ന് ഞാന്‍ പറയും. പെട്രോള്‍ ഉണ്ടെങ്കില്‍ തീപിടിക്കാനുള്ള സാധ്യതയുമുണ്ട്. പഞ്ചസാരയുള്ളിടത്ത് ഉറുമ്പ് വരാനുള്ള സാധ്യതയുമുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ആകര്‍ഷണം ഉണ്ടാവുമെന്ന കാര്യം ഞാനും അംഗീകരിക്കുന്നു. പക്ഷെ നമ്മുടെ സ്ത്രീകളുടെ കാര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണം. 

കുലീന കുടുംബത്തിലെ സ്ത്രീകള്‍ പുരുഷന്മാര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് സ്വയം മറച്ചിട്ടാണ്. അതാണ് നമ്മുടെ രാഷ്ട്രത്തിന്റെ സംസ്‌കാരം. ഒരു പെണ്ണിന് രാത്രി ആഘോഷിക്കണമെന്നുണ്ടെങ്കില്‍ അവള്‍ പോകേണ്ടത് ഭര്‍ത്താവിനോ അച്ഛനോ ഒപ്പമാണ്. അല്ലാതെ അപരിചിതരുടെ കൂടെയല്ല. ഒരു പെണ്ണ് അപരിചിതനൊപ്പം പോകുകയാണെങ്കില്‍ അവള്‍ അബദ്ധം കാണിച്ചു. അപ്പോള്‍ പീഡനം പോലുള്ള സംഭവങ്ങള്‍ ഉണ്ടാവും. അതിനുള്ള അവസരം കൊടുക്കരുത്. പൊലീസിനു ഉത്തരവാദിത്തമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പൊലീസിനെ വിന്യസിക്കേണ്ടതുണ്ട്. പക്ഷെ എത്രത്തോളം അതിനു കഴിയും? നമ്മുടെ സുരക്ഷ നമ്മള്‍ തന്നെ നോക്കണം. അതാണ് എനിക്കു പറയാനുള്ളത്. ഇതൊക്കെ പറഞ്ഞതിന് പലരും എന്നോട് രോഷാകുലരാകും. പക്ഷെ ഇതാണ് സത്യമെന്നിരിക്കെ ഞാനതൊന്നും കാര്യമാക്കുന്നില്ല. ബംഗളുരുവില്‍ പുതുവത്സരം ആഘോഷിക്കാനായെത്തിയ ഒട്ടേറെ സ്ത്രീകള്‍ക്കുനേരെ വ്യാപകമായ അതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു. 

നഗരത്തിലെ പ്രശസ്തമായ എം.ജി റോഡിലും ബ്രിഗേഡ് റോഡിലുമാണ് പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങള്‍ അരങ്ങേറിയത്. ‘ബാംഗ്ലൂര്‍ മിറര്‍’ ദിനപത്രമാണ് ഇത്തരത്തില്‍ സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്ന ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അബു അസ്മി. ഇതാദ്യമായല്ല അബു അസ്മി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. നേരത്തെയും അബു അസ്മിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ‘എതെങ്കിലും പെണ്ണ് വിവാഹിതയായാലും അല്ലെങ്കിലും, ഒരു പുരുഷനൊപ്പം പോയാല്‍, അവളുടെ സമ്മതപ്രകാരമോ അല്ലാതെയോ പീഡിപ്പിക്കപ്പെടാം. രണ്ടുപേരെയും തൂക്കിലേറ്റണം.’ എന്നായിരുന്നു അസ്മിയുടെ പരാമര്‍ശം 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും